കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിൽ കൂറ്റൻ കാട്ടുപോത്തിറങ്ങി ; നാട്ടുകാർ ഭീതിയിൽ
കാസർകോട് : കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിൽ കൂറ്റൻ കാട്ടുപോത്തിറങ്ങി. കന്യപ്പാടിയിൽ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് കാട്ടുപോത്ത് എത്തിയത്. ബസ് സ്റ്റോപ്പിനു മുന്നിൽ ഏറെ നേരം നിലയുറപ്പിച്ച കാട്ടുപോത്തിനെ അതുവഴി പോയവർ കാണുകയും ചിത്രം പകർത്തുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന തെരുവുനായ്ക്കൾ കാട്ടുപോത്തിനെ വളഞ്ഞ് നിർത്താതെ കുരച്ചു. അക്രമിക്കാനുള്ള ശ്രമവും ഉണ്ടായി. ഇതോടെ പോത്ത് സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസം മുമ്പും കന്യപ്പാടിയിൽ കാട്ടുപോത്തിനെ കണ്ടതായി പറയുന്നുണ്ട്. എന്നാൽ അന്നു ഫോട്ടോകളൊന്നും എടുക്കാൻ കഴിയാതിരുന്നതിനാൽ ഭൂരിഭാഗം ആൾക്കാരും വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ തിങ്കളാഴ്ച രാത്രി നടുറോഡിൽ ഇറങ്ങിയ കാട്ടുപോത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നാട്ടുകാർ ഭീതിയിലായിരിക്കുകയാണ്. കടുത്ത ചൂടും കുടിവെള്ള ക്ഷാമവും കാരണമായിരിക്കാം കാട്ടുപോത്തുകൾ നാട്ടിലേക്ക് ഇറങ്ങുന്നതെന്നു പറയുന്നു. വേനൽ കടുക്കുന്നതോടെ കൂടുതൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുമെന്ന ഭീതിയും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ഉദുമ, പഞ്ചായത്തിലെ ബാര, അരമങ്ങാനം സ്കൂളിനു സമീപത്തെ തോട്ടിലും കാട്ടുപോത്തിനെ കണ്ടതായി പ്രചരണം ഉണ്ടായിരുന്നു.
No comments