മടിക്കൈ ഓർക്കോൽ വയനാട്ടുകുലവൻ തെയ്യംകെട്ട് ക്ഷേത്രസന്നിധിയിൽ ഇഫ്താർ സംഗമം നടന്നു
മടിക്കൈ മതമല്ല മതമല്ല, മനുഷ്യരാണ് ഞങ്ങളെന്ന് തെളിയിച്ച് ക്ഷേത്രസന്നിധിയിൽ നിസ്കരിച്ച് നോമ്പുതുറന്ന് മാതൃകയായി മടിക്കൈയിലെ മുസ്ലീം സഹോദരങ്ങൾ. മതമൈത്രിയുടെ സന്ദേശം വിളിച്ചോതി ക്ഷേത്ര സന്നിധിയിലാണ് ഇഫ്താർ സംഗമം സംഘടിപ്പിച്ചത്. വെള്ളിയാഴ്ച മുതൽ 8വരെ നീളുന്ന വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവം നടക്കുന്ന മടിക്കൈ ഓർക്കോൽ മീത്തലപ്പുര തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനത്താണ് വ്യാഴം വൈകിട്ട് ഇഫ്താർ സംഗമം നടന്നത്. പതിവിൽനിന്ന് വ്യത്യസ്തമായി വയനാട്ടുകുലവന്റെ കന്നിക്കലവറയുടെ മുന്നിൽ പ്രത്യേകം തയ്യാറാക്കിയ നിസ്കാര സ്ഥലത്ത് നിസ്കരിച്ചതിനുശേഷമാണ് നോമ്പുതുറ നടന്നത്. മടിക്കൈ കന്നാടം, കൈയ്യുള്ള കൊച്ചി, കാഞ്ഞിപ്പൊയിൽ, മാനാക്കോട്, ചാളക്കടവ്, ബംങ്കളം തുടങ്ങിയ മഹല്ലുകളിൽനിന്നും സെക്രട്ടറിയും പ്രസിഡന്റും മറ്റ് പ്രതിനിധികളും ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. മടിക്കൈ മേഖല ജമാഅത്ത് പ്രസിഡന്റ് കെ പി ഷെരീഫ്, സെക്രട്ടറി മുബാറക്ക് എരിക്കുളം, ട്രഷറർ അബ്ദുള്ള കൈയ്യള്ളകൊച്ചി എന്നിവർ നേതൃത്വം നൽകി. നിസ്കാരത്തിന് കന്നാടം ജമാഅത്ത് ഇമാം അബ്ദുൽ ഖാദർ സുഹാരി പുത്തിഗെ നേതൃത്വം നൽകി. ഇഫ്താർ സംഗമത്തിൽ പെരിയാങ്കോട്ട് ഭഗവതി ക്ഷേത്രം ആചാരസ്ഥാനികരും, ക്ഷേത്രം ഭാരവാഹികളും, വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവ ആഘോഷ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു.
No comments