മൊബൈൽ ഫോണ്‍ നന്നാക്കി കൊടുക്കാത്ത വിഷമം; 17 കാരി ജീവനൊടുക്കി; കുമ്പള, കളത്തൂരില്‍ എം.ഡി പൂജയാണ് മരിച്ചത്
കാസർകോട്: മൊബൈൽ ഫോണിന്റെ ഡിസ്പ്ലേ ശരിയാക്കി കൊടുക്കാത്ത വിഷമത്തിലാണെന്നു പറയുന്നു, പതിനേഴുകാരി എലിവിഷം കഴിച്ച് ജീവനൊടുക്കി. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ കിദൂർ, കളത്തൂരിലെ ലക്ഷ്മി നിലയത്തിൽ ദാമോദരയുടെ മകൾ എം.ഡി പൂജ (17)യാണ് മരിച്ചത്. മംഗ്ളൂരുവിൽ പിയുസി വിദ്യാർത്ഥിനിയായിരുന്നു പൂജ. ഇതിനിടയിൽ മഞ്ഞപ്പിത്തം ബാധിച്ച് ദീർഘകാലം ചികിത്സയിൽ കഴിയേണ്ടി വന്നിരുന്നതിനാൽ പഠനം മുടങ്ങി. അടുത്ത വർഷം പഠനം തുടരാനായിരുന്നു തീരുമാനം. ഏതാനും ദിവസം മുമ്പ് പൂജ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ തകരാറിലായിരുന്നു. ഇത് നന്നാക്കി കൊടുക്കണമെന്ന് വീട്ടുകാരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നതായി പറയുന്നു. എന്നാൽ വീട്ടുകാർക്ക് ഇതിനു കഴിഞ്ഞില്ല. ഫോൺ ശരിയാക്കി നൽകിയില്ലെങ്കിൽ എലിവിഷം കഴിക്കുമെന്ന് പൂജ പലതവണ ഭീഷണി മുഴക്കിയിരുന്നുവത്. ബുധനാഴ്ച വൈകുന്നേരം താൻ എലിവിഷം കഴിച്ചതായി പൂജ വെളിപ്പെടുത്തുകയും ചെയ്തു.എന്നാൽ നേരത്തെ പല തവണ ഭീഷണി മുഴക്കിയിരുന്നതിനാൽ പെൺകുട്ടി പറയുന്നത് വിശ്വസിക്കാൻ വീട്ടുകാർ കൂട്ടാക്കിയില്ല. എന്നാൽ രാത്രി 10 മണിയോടെ പെൺകുട്ടി അവശയായതോടെയാണ് സംഭവം ഗൗരവത്തിലെടുത്തത്. ഉടൻ മംഗ്ളൂരു, ദേർളക്കട്ട ആശുപത്രിയിൽ എത്തിച്ചു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ പൂജ മരണത്തിനു കീഴടങ്ങി. കുട്ടിയുടെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി. സംഭവത്തിൽ കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഗിരിജയാണ് പൂജയുടെ മാതാവ്. മനിത് ഏക സഹോദരനാണ്.
No comments