Breaking News

പനത്തടി ഗ്രാമപഞ്ചായത്തിന്റെ 2026 - 27 വർഷത്തേക്കുള്ള ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പത്മകുമാരി അവതരിപ്പിച്ചു


പാണത്തൂർ:  37 കോടി  89 ലക്ഷത്തി 77396 രൂപ പ്രതീക്ഷിത വരവും, 37 കോടി 42 ലക്ഷത്തി 03873 രൂപ ചെലവും 47 ലക്ഷത്തി 73523 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2026 - 27 വർഷത്തേക്കുള്ള പനത്തടി പഞ്ചായത്ത് ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പത്മകുമാരി ഇന്ന് അവതരിപ്പിച്ചു. കൃഷി മൃഗസംരക്ഷണം ക്ഷീരവികസനം സ്വയംതൊഴിൽ എന്നിവ അടങ്ങിയ ഉത്പാദന മേഖലക്കായി 1 കോടി 1ലക്ഷത്തി 1300 രൂപ വകയിരുത്തി. ലൈഫ്, പിഎംഎവൈ ഭവന പദ്ധതിക്കായി 5 കോടി രൂപ നീക്കിവെച്ചു. ശുചിത്വം, കുടിവെള്ള പദ്ധതികൾക്കായി ഒരു കോടി 25 ലക്ഷം രൂപയും, ആരോഗ്യമേഖലയിലെ വിവിധ പദ്ധതികൾക്കായി 75 ലക്ഷം രൂപയും നീക്കിവെച്ചു. വനിതാ ക്ഷേമ പദ്ധതികൾക്കായി 35 ലക്ഷം രൂപയും, വയോജനക്ഷേമത്തിനായി 33 ലക്ഷത്തി 67,100 രൂപയും, ഭിന്നശേഷി വിഭാഗക്കാർക്കായി 21 ലക്ഷവും വകയിരുത്തി. കുട്ടികളുടെ മേഖലക്കായി 17 ലക്ഷം രൂപയും, പശ്ചാത്തല മേഖല റോഡ് ഫണ്ട് ഇനത്തിൽ 3 കോടി 49 ലക്ഷത്തി നാല്പത്തിആറായിരം രൂപയും, പശ്ചാത്തല മേഖല റോഡ് ഇതര ഫണ്ട് ഇനത്തിൽ 91 ലക്ഷത്തി 81,000 രൂപയും നീക്കിവെച്ചു. പഞ്ചായത്തിലെ ടൂറിസം മേഖലയുടെ വികസനത്തിനായി പാണത്തൂർ ടൗൺ സൗന്ദര്യവൽക്കരണത്തിന് 2 ലക്ഷം രൂപയും, ടൂറിസ്റ്റ് മേഖലയുടെ വിവിധ ഡെസ്റ്റിനേഷനുകൾ കണ്ടെത്തി ഡിപിആർ തയ്യാറാക്കുന്നതിനായി 2 ലക്ഷം രൂപയും നീക്കിവെച്ചു. പട്ടിക വർഗ്ഗ വിഭാഗത്തിന്  വാട്ടർ ടാങ്ക് വാങ്ങുന്നതിനായി 2.5 ലക്ഷം രൂപയും വകയിരുത്തി. പഞ്ചായത്തിൽ പുതിയ ഭരണസമിതി അധികാരത്തിൽ വന്നതിനുശേഷം ഉള്ള ആദ്യ ബജറ്റിൽ  പഞ്ചവത്സര പദ്ധതിയുടെ മാർഗ്ഗരേഖക്കുള്ളിൽ നിന്നുകൊണ്ട് വിവിധ വർക്കിംഗ് ഗ്രൂപ്പുകൾ തയ്യാറാക്കിയ പദ്ധതി നിർദ്ദേശങ്ങൾ ഗ്രാമസഭയിൽ അംഗീകരിച്ചു ബന്ധപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റികളും പഞ്ചായത്ത് ഭരണസമിതിയും അംഗീകരിച്ച പദ്ധതികൾക്കാണ് ഈ ബജറ്റിൽ ഫണ്ട് നീക്കിവെച്ചതെന്ന് അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി മുഹമ്മദലി ഇർഷാദ് ഇ സ്വാഗതം പറഞ്ഞു. ഭരണസമിതി അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, മാധ്യമ പ്രതിനിധികൾ, പ്രമോട്ടർമാർ തുടങ്ങിയവർ ബജറ്റ് അവതരണത്തിൽ പങ്കെടുത്തു.


No comments