പനത്തടി കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ച സ്റ്റാഫ് ക്വാർട്ടേഴ്സ് : ഇ ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു
പാണത്തൂർ - പാണത്തൂരിലെ പനത്തടി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതുതായി നിർമ്മിച്ച സ്റ്റാഫ് ക്വാർട്ടേഴ്സ് കെട്ടിടത്തിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് എം.എൽ.എ ഇ ചന്ദ്രശേഖരൻ നിർവ്വഹിച്ചു. ചടങ്ങിൽ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ് അധ്യക്ഷത വഹിച്ചു.
മലയോര മേഖലകളിൽ സേവനമനുഷ്ഠിക്കാൻ എത്തുന്ന ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും സുരക്ഷിതമായ താമസസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മിച്ച ഈ കെട്ടിടം കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് നിർമ്മിച്ചത്. ഇത് പ്രദേശവാസികളുടെ ഏറെക്കാലത്തെ സ്വപ്ന സാക്ഷാത്കാരമാണെന്ന് ഉദ്ഘാടന വേളയിൽ എം.എൽ.എ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് പനത്തടി പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് ഫർണിച്ചർ വാങ്ങുന്നതിനായുള്ള 50,000 രൂപയുടെ ധനസഹായവും കൈമാറി. പാലക്കാട് വിജയനും കുടുംബവുമാണ് ഈ തുക എം.എൽ.എയ്ക്ക് കൈമാറിയത് . ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ സന്തോഷ് ബി മുഖ്യാതിഥിയായി. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ജഗദീഷ് എം റിപ്പോർട്ട് അവതരിപ്പിച്ചു. കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ വി ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പത്മകുമാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.ജെ ജെയിംസ്, സുപ്രിയ അജിത്ത്, കെ.ബി രതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഭവ്യരാജ്, വാർഡ് മെമ്പർമാരായ പ്രസീത റാണി, ഷിബു എം, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ: ശ്രവ്യ ടി.കെ സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദലി ഇർഷാദ് നന്ദിയും പറഞ്ഞു.
No comments