Breaking News

നീതിക്കായി 11 വർഷത്തെ നീണ്ട നിയമ പോരാട്ടം തളിപ്പറമ്പ് ആർ.ഡി.ഒയുടെ സ്കോർപ്പിയോ ജപ്തി ചെയ്തു.lat


പയ്യന്നൂർ: നീതിക്കായി 11 വർഷത്തെ നീണ്ട നിയമ പോരാട്ടം. നീതിദേവത കണ്ണുതുറന്നിട്ടും നീതി നടപ്പിലാക്കാതിരിക്കാൻ അധികൃതരുടെ ഉരുണ്ടുകളി. അതിനെതിരെ നിലപാട് കടുപ്പിച്ച്കോടതി; തളിപ്പറമ്പ് ആർ.ഡി.ഒയുടെ സ്കോർപ്പിയോ ജപ്തി ചെയ്തു. ദീർഘകാലം മണക്കടവ് പോസ്റ്റോഫീസിൽ പോസ്റ്റുമാസ്റ്ററായി സേവനം അനുഷ്ഠിച്ച കല്ലേലിൽ ഓമനകുമാരിയാണ് നീതിക്കായി ഒരു പതിറ്റാണ്ടിലേറെ പോരാട്ടം നടത്തിയത്. ഇപ്പോൾ മണക്കടവ്, മുക്കടയിൽ താമസിക്കുന്ന ഓമനകുമാരിയുടെ സ്വന്തംവീട് വായാട്ടുപറമ്പിലാണ്. മണക്കടവിൽ നിന്ന് 2010ൽ വായാട്ടുപറമ്പിൽ ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകവെ ഓമനകുമാരി അപകടത്തിൽപ്പെട്ടിരുന്നു. റോഡരികിൽ ബി.എസ്.എൻ.എൽ കേബിൾ വലിക്കുന്നതിന് എടുത്ത കുഴിയിൽ വീണു ഉണ്ടായ അപകടത്തിൽ ഇടതുകാലിന്റെ എല്ല് പൊട്ടുകയും ചെയ്തു. ശമ്പളമില്ലാത്ത അവധിയെടുത്ത് ആറ് മാസത്തോളം അവർ ചികിത്സയിൽ കഴിഞ്ഞു. കരുവൻചാൽ സെന്റ് ജോസഫ്സ് ആശുപ്രതി, പരിയാരം മെഡി.കോളേജ് എന്നിവിടങ്ങളിലായിരുന്നു ചികിത്സ. ചികിത്സ കഴിഞ്ഞശേഷവും ദീർഘകാലം അവർക്ക് ഒട്ടേറെ വിഷമതകൾ അനുഭവിക്കേണ്ടിവന്നു. നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയെങ്കിലും അധികൃതർ അതിനെതിരെ മുഖം തിരിച്ചു. ഇതേത്തുടർന്ന് പൊതുമരാമത്ത് വകുപ്പ്, ബി.എസ്.എൻ.എൽ, പ്രവൃത്തി കരാറെടുത്ത കാസർക്കോട് സ്വദേശിയായ കരാറുകാരൻ എന്നിവരെ പ്രതിചേർത്ത് അഡ്വ. എ.കെ സന്തോഷ് മുഖേന പയ്യന്നൂർ സബ് കോടതിയിൽ ഹർജി നൽകി. കോടതി 1,38,000രൂപ നഷ്ടപരിഹാരം നൽകാൻ 2014 ജൂൺ 24ന് വിധി പുറപ്പെടുവിച്ചു. അതിനിടയിൽ കരാറുകാരൻ മരിച്ചു. നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ച് പൊതുമരാമത്ത് വകുപ്പും ബി.എസ്.എൻ.എല്ലും തലശേരി ജില്ലാ കോടതിയിൽ അപ്പീൽ നൽകി. എന്നാൽ ജില്ലാ കോടതിയും ഓമനകുമാരിക്ക് അനുകൂലമായി വിധി പുറപ്പെടുവിപ്പിച്ചു. എന്നിട്ടും നഷ്ടപരിഹാരം നൽകാൻ അധികൃതർ വിമുഖത കാണിച്ചതോടെയാണ് തളിപ്പറമ്പ് ആർ.ഡി.ഒയുടെ വാഹനം ജപ്തി ചെയ്ത് നഷ്ടപരിഹാരം നൽകാൻ പയ്യന്നൂർ സബ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേത്തുടർന്നാണ് സ്കോർപ്പിയോ ജപ്തി ചെയ്ത് തലശേരി സബ് കോടതിയിൽ ഹാജരാക്കിയത്. ഓമനകുമാരിക്ക് പലിശയടക്കം നഷ്ടപരിഹാരമായി നൽകാനുള്ള രണ്ട് ലക്ഷത്തോളം രൂപ ഈടാക്കാനാണ് വാഹനം ജപ്തി ചെയ്തത്.ബുധനാഴ്ച ഓമനകുമാരിയുടെ നഷ്ടപരിഹാര തുക നൽകിയില്ലെങ്കിൽ ജപ്തി ചെയ്ത വാഹനം ലേലത്തിനു വച്ച് പണം ഈടാക്കാനുള്ള നടപടി കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകും. 70 വയസുള്ള ഓമനകുമാരി ഭർത്താവ് വാസുവിനൊപ്പം ഇപ്പോൾ മുക്കടയിലാണ് താമസം.

No comments