പാതിവഴിയിൽ പൊലിഞ്ഞ കുരുന്നുനാളത്തിന്റെ ഓർമയിൽ വിതുമ്പി മലയോരം
ഭീമനടി : പാതിവഴിയിൽ പൊലിഞ്ഞ കുരുന്നുനാളത്തിന്റെ ഓർമയിൽ വിതുന്പി മലയോരം. തന്റെ കുഞ്ഞുകൂട്ടുകാരോടൊപ്പം വീട്ടുമുറ്റത്ത് പന്തുരുട്ടി കളിക്കുമ്പോഴാണ് എളേരിത്തട്ട് തൊട്ടി ഉന്നതിയിലെ കുറുവാട്ട് വീട്ടിൽ ശരത് ചന്ദ്രന്റെയും അജിതയുടെയും മകൾ ഋതുചന്ദ്രയെ പാന്പുകടിച്ചത്. ചികിത്സക്കിടെ കണ്ണൂർ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. തിങ്കൾ പകൽ പാമ്പിന്റെ കടിയേറ്റ ഉടൻ കുട്ടി അമ്മയോട് ഓടിവന്ന് പാമ്പ് കടിയേറ്റതായി പറഞ്ഞു. കൈവിരലിൽ കടിയേറ്റ കുഞ്ഞിനെയും എടുത്ത് നർക്കിലക്കാട് ആശുപത്രിയിൽ എത്തിയ ഉടനെ ഗൗരവം മനസിലാക്കിയ മെഡിക്കൽ ഓഫീസർ ഡോ. അലോക് ബി രാജ്, നഴ്സിനെയും കൂട്ടി ആശുപത്രിയിലെ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കുതിക്കുകയായിരുന്നു. വഴിയിൽ കുഞ്ഞിന് ശ്വാസതടസം ഉണ്ടായപ്പോൾ കൃത്രിമശ്വാസം നൽകി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ആന്റിവെനം നൽകി.സ്ഥിതി ഗുരുതരമായി തുടരുന്നതിനാൽ അവിടുന്ന് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച്ച കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വ്യാഴം ഉച്ചയോടെ മരിച്ചു. ഏറെ ദുഖത്തോടെയാണ് നാട് മരണവാർത്ത കേട്ടത്. വിദഗ്ദചികിത്സയിൽ രക്ഷപ്പെടും എന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാരും വീട്ടുകാരും. വനമേഖലയോട് ചേർന്നുനിൽക്കുന്ന പ്രദേശമാണിതെങ്കിലും സാധാരണമായി ഇവിടങ്ങളിൽ പാമ്പുകളെ കാണാറില്ലെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ വേനൽക്കാലമായതിനാൽ പാമ്പുകളുടെ ശല്യം വർധിച്ചിരിക്കാമെന്നാണ് കരുതുന്നത്. എളേരിത്തട്ട് അങ്കണവാടിയിലെ കുട്ടികളുടെ പ്രിയങ്കരിയായ കൂട്ടുകാരിയാണ് ഋതു ചന്ദ്ര. അധ്യാപികയ്ക്കും ഹെൽപ്പർക്കും അവളുടെ വേർപാട് താങ്ങാവുന്നതിലപ്പുറം. തൊട്ടി ഉന്നതിയിലെ എല്ലാ കുടുംബംങ്ങളുടെയും പ്രിയങ്കരിയാണിവൾ.
No comments