Breaking News

'വീട് ജപ്‍തിയില്‍, 2 തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു, എപ്പോള്‍ വേണമെങ്കിലും ജയിലിലാവാം'; സഹായം അഭ്യര്‍ഥിച്ച് പയ്യന്നൂർ സ്വദേശിയായ നടന്‍ സുബീഷ് സുധി


സുബീഷ് സുധിയെ നായകനാക്കി ടി വി രഞ്ജിത്ത് സംവിധാനം ചെയ്ത് 2024 മാര്‍ച്ചില്‍ തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ഒരു സര്‍ക്കാര്‍ ഉത്പന്നം. ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്നായിരുന്നു ചിത്രത്തിന്‍റെ ആദ്യത്തെ പേര്. ചിത്രത്തിലെ ഭാരതം ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുകയായിരുന്നു. റിവ്യൂവേഴ്സ് മികച്ച അഭിപ്രായം പറഞ്ഞ ചിത്രത്തിന് പക്ഷേ തിയറ്ററുകളില്‍ രക്ഷപെടാനായില്ല. സുബീഷ് സുധിയും സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിന്‍റെ സാമ്പത്തിക പരാജയം തന്നെ തകര്‍ത്തിരിക്കുകയാണെന്ന് പറയുകയാണ് സുബീഷ് സുധി. വീട് ജപ്തിയിലാണെന്നും കടക്കാര്‍ മാത്രമാണ് ഇപ്പോള്‍ ഫോണില്‍ വിളിക്കുന്നതെന്നും രണ്ട് തവണ ആത്മഹത്യയ്ക്ക് പോലും താന്‍ ശ്രമിച്ചെന്നും സുബീഷ് പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് സുബീഷിന്‍റെ വെളിപ്പെടുത്തല്‍.

സുബീഷ് സുധി പറയുന്നു

വലിയ സ്വപ്നങ്ങൾക്ക് പുറകെ പോയി ജീവിതം മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത്. ഒരു ജൂനിയർ ആർടിസ്റ്റ് ആയി വന്ന ഞാൻ 80 ഓളം സിനിമകളിൽ അഭിനയിച്ചു. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന പടത്തിൽ നായകനായി. ഞാനും എന്റെ സുഹൃത്തുകളും ചേർന്നാണ് നിർമ്മിച്ചത്. 2024 മാർച്ച്‌ 8 പ്രേമലുവും മഞ്ഞുമ്മൽ ബോയിസും തിയേറ്റർ നിറഞ്ഞു നിൽക്കുന്ന സമയം ആയിരുന്നു. പിന്നെ നോമ്പ് മാസവും എക്സാമും ആയിരുന്നു. പ്രതികൂല കാലാവസ്ഥയിലും പടം കണ്ടവർ നല്ല അഭിപ്രായം ആണ് പറഞ്ഞത്. എല്ലാ റിവ്യൂവേഴ്സും നല്ല സിനിമ ആണ് എന്ന് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ 5 ൽ 4 സ്റ്റാർ തന്നു. എന്റെ ഭാഗ്യകേട് കൊണ്ട് ആ സിനിമ സാമ്പത്തികമായി വിജയിച്ചില്ല.

സിനിമ ഇറങ്ങുന്നതിനു മുന്നേ പ്രശ്നങ്ങൾ ആയിരുന്നു. ഒരു ഭാരത സർക്കാർ ഉത്പന്നം സിനിമയുടെ പേരിൽ നിന്ന് ഭാരതം സെൻസർ ബോർഡ്‌ കട്ട്‌ ചെയ്തു. റിലീസിന് 2 ദിവസം മുന്നേ തിരക്കഥകൃത്ത് നിസാംക്ക മരണപെട്ടു. പിന്നെ ഈ സിനിമ വിൽക്കാൻ ബോംബയിൽ പോയി അവിടെ കുറെ ഏജന്റ്മാർ പൈസ വാങ്ങി പറ്റിച്ചു എന്നല്ലാതെ ഒന്നും നടന്നില്ല. ഞാൻ നേരായ വഴിയിൽ പൈസ ഉണ്ടാക്കി ഈ സിനിമയുടെ കടം വിട്ടാൻ ഒരുപാടു ശ്രമിച്ചു. അതും നടക്കാതെ പോയി ഞാൻ വല്ലാത്ത അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്. എന്റെ വീട് ജപ്തിയിൽ ആണ്. സിനിമയ്ക്കു വേണ്ടി ഫണ്ട്‌ തന്നവർ എനിക്കെതിരെ കേസ് കൊടുത്തു. അത് വാറന്‍റ് ആയി. എന്നെ എപ്പോൾ വേണമെങ്കിലും ജയിലിൽ ഇടുന്ന അവസ്ഥയിൽ ആണ്. ഇപ്പോൾ എന്റെ ഫോണിലേക്ക് പൈസ കൊടുക്കാനുള്ളവരുടെ ഫോൺ മാത്രമേ വരാറുള്ളൂ. എന്റെ നല്ല കാലത്ത് കൂടെ ഉണ്ടായവർ എന്റെ ഫോൺ പോലും എടുക്കാതായി. ഒരു ദിവസം 40 ഓളം കാളുകൾ ആണ് വരുന്നത്, കടക്കാരുടേത്.

No comments