ചുറ്റുമതിൽ ഇടിഞ്ഞുവീണ് അപകടം: അപകടത്തിൽ പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാൻ ആലോചന; ഒരാളുടെ പരിക്ക് ഗുരുതരം
ബെംഗളൂരു: കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാൻ ആലോചന. പരിക്കേറ്റ മായയുടെയും പ്രീതിയുടെയും നില മെച്ചപ്പെട്ടു. മായക്ക് തലയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മായയാണ് അപകടവിവരം സംഘാംഗങ്ങളെ അറിയിച്ചത്. എന്നാൽ രാമമംഗലം സ്വദേശി സിജിക്ക് നട്ടെല്ലിനാണ് പരിക്ക്. തൽക്കാലം സിജിയെ മാറ്റുന്നത് പ്രായോഗികമല്ലെന്നും ഡോക്ടർമാർ പറഞ്ഞു. ബംഗളൂരുവിൽ ഷോപ്പിംഗ് പൂർത്തിയാക്കി മൈസൂരുവിലേക്ക് തിരിക്കാൻ തുടങ്ങുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. അതേസമയം സംഘത്തിലെ ബാക്കിയുള്ളവർ രാത്രിയോടെ കേരളത്തിലേക്ക് തിരിച്ചിരുന്നു. മരിച്ച രാമമംഗലം സ്വദേശികളായ ലതയുടെയും സ്മിതയുടെയും മൃതദേഹം ഒരു മണിയോടെ നാട്ടിൽ എത്തിക്കും. ആദ്യം രാമമംഗലം ഗ്രാമപഞ്ചായത്തിൽ പൊതുദർശനത്തിന് വയ്ക്കും ശേഷം ഇരുവരുടെയും വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോവും.
No comments