
കാഞ്ഞങ്ങാട് : അവതരിപ്പിച്ച വിഷയത്തിൻ്റെ പ്രാധാന്യം കൊണ്ട് ശ്രദ്ധേയമായി പ്രേക്ഷകലക്ഷങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് കാഞ്ഞങ്ങാട് നിന്നുള്ള ഒരു പരസ്യ ചിത്രം. ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ടെക്നോളജിയുടെ രണ്ട് മിനിട്ട് ദൈർഘ്യമുള്ള പരസ്യ ചിത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനകം ഒരു ലക്ഷത്തിലധികം പ്രേക്ഷകർ പരസ്യ ചിത്രം കണ്ടുകഴിഞ്ഞു. കഴിഞ്ഞ വർഷം കാസർകോട് ജനറൽ ആശുപത്രിയിൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി യുവ സംവിധായകൻ ചന്ദ്രു വെള്ളരിക്കുണ്ടാണ് ഈ പരസ്യ ചിത്രം ഒരുക്കിയത്. അസുഖബാധിതയായി ജനറൽ ആശുപത്രിയിൽ മരണപ്പെട്ട അസം സ്വദേശിനിയുടെ ഒന്നര മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് അച്ഛൻ്റെ കയ്യിലിരുന്ന് വിശന്ന് വാവിട്ട് കരഞ്ഞ സംഭവം ഏറെ സങ്കടകരമായ കാഴ്ച്ചയായിരുന്നു. മുലപ്പാൽ മാത്രം കുടിക്കേണ്ട പ്രായത്തിൽ കുഞ്ഞിൻ്റെ വിശപ്പു മാറ്റാൻ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന ആ അഥിതി തൊഴിലാളിയുടെ വേദനയും നിസഹായതയും ആശുപത്രി മോർച്ചറിക്ക് മുന്നിലെ ഒരു നൊമ്പര കാഴ്ച്ചയായിരുന്നു. ഈ സമയത്താണ് ഭൂമിയിലെ മാലാഖയായി വന്ന മെറിൻ ബെന്നി എന്ന നഴ്‌സിൻ്റെ അമ്മ മനസ് ഉണർന്നത്. സംഭവങ്ങൾക്ക് സാക്ഷിയായി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മെറിൻ കുഞ്ഞിനെ വാരിയെടുത്ത് ക്യാബിനിലെത്തി മുലയൂട്ടുകയായിരുന്നു വിശന്നു കരഞ്ഞ കുഞ്ഞിന് അമ്മച്ചൂട് പകർന്ന് സ്വന്തം കുഞ്ഞിപ്പോലെ മുലയൂട്ടി മനുഷ്യസ്‌നേഹത്തിന് ദേശത്തിൻ്റെ അതിർത്തികളില്ലെന്ന സന്ദേശം പകർന്നു നൽകിയ ഈ സംഭവം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രിയടക്കം സമൂഹത്തിലെ നാനാഭാഗങ്ങളിൽ നിന്നും മെറിൻ ബെന്നിക്ക് അഭിനന്ദന പ്രവാഹമെത്തി. ഈ ഒരു സംഭവം മനസിൽ ആഴത്തിൽ പതിഞ്ഞിരുന്നതായും ഒരു നഴ്‌സിംഗ്, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ പരസ്യം ചെയ്യാൻ അവസരം വന്നപ്പോൾ ഈ ആശയം എന്തുകൊണ്ടും അനുയോജ്യമാണെന്ന് തോന്നിയതു കൊണ്ടാണ് ജ്യോതി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പരസ്യ ചിത്രത്തിന് വേണ്ടി ചെയ്തതെന്നും സംവിധായകൻ ചന്ദ്രു വെള്ളരിക്കുണ്ട് പറഞ്ഞു. സ്ഥാപനത്തിൻ്റെ മാനേജിംഗ് ഡയറക്ടർമാരായ സിന്ധു - ഗിരീഷ് ദമ്പതികളുടെ മുഴുവൻ പിന്തുണയും കൂടിയായപ്പോൾ ലഭിച്ചത് മികച്ച സന്ദേശം നൽകുന്ന ഒരു പരസ്യ ചിത്രമാണ്.തീയ്യേറ്ററിൽ വിജയം നേടിയ സെന്ന ഹെഗ്ഡെയുടെ 'Aവിഹിതം' എന്ന സിനിമയുടെ അസിസ്റ്റൻ്റ് ഡയറക്ടറായിരുന്നു ചന്ദ്രു. സുധീഷ് ഗോപിനാഥിൻ്റെ മദനോത്സവം എന്ന ചിത്രത്തിൻ്റെ പിന്നണിയിലും പ്രവർത്തിച്ചിട്ടുണ്ട്. ചന്ദ്രു തിരക്കഥ സംവിധാനം നിർവ്വഹിച്ച 'വധു വരിക്കപ്ലാവ്', 'ഫൂട്ട് വേർ' എന്നീ ഷോർട്ട് ഫിലിമുകൾ പ്രേക്ഷകശ്രദ്ധ നേടി നിരവധി അവാർഡുകൾ കരസ്ഥമാക്കിയിരുന്നു.
ഷോർട്ട്ഫിലിം-സിനിമാ രംഗത്തെ പ്രവർത്തന പരിചയം മികച്ച സാങ്കേതിക മികവോടെ പരസ്യ ചിത്രം തയ്യാറാക്കാൻ ചന്ദ്രുവിന് സഹായകരമായി.
മുലയൂട്ടലിൻ്റെ പ്രാധാന്യം വിളിച്ചോതുന്ന ഈ പരസ്യ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രശസ്‌ത സിനിമ- സീരിയൽ താരം അനു ജോസഫ് ആണ്. യുവ നടൻ വിപി കവ്വായി, സി.പി ശുഭ, സിന്ധു ഗിരീഷ്, മാസ്റ്റർ നവദീപ് (നവൂട്ടൻ) എന്നിവരും പരസ്യ ചിത്രത്തിൽ വേഷമിട്ടു. ഷോർട്ട് ഫിലിം- സിനിമ രംഗത്ത് പ്രവർത്തന പരിചയമുള്ള സുമേഷ് സുകുമാരനാണ് ക്യാമറ ചലിപ്പിച്ചത്, 'അനുഗ്രഹീതൻ ആൻ്റണി' എന്ന ചിത്രത്തിലെ 'മുല്ലേ മുല്ലേ..' എന്ന ഹിറ്റ് ഗാനം ഉൾപ്പടെ നിരവധി സിനിമകൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ച അരുൺ മുരളീധരനാണ് പരസ്യ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത്,
എഡിറ്റിംഗ്,കളറിംഗ് ജസ്റ്റിൻ തോമസ് (WMC), ആർട്ട് ഡയറക്ടർ കൃഷ്‌ണൻ കോളിച്ചാൽ, അസിസ്റ്റൻ്റ് ഡയറക്ടർ രാഹിത് തായന്നൂർ, മേയ്ക്കപ്പ് രഞ്ജിത, സൗണ്ട് എഫക്ട്സ് സുനിൽ ഓംകാർ, ഫൈനൽ മിക്സ് സായ് പ്രകാശ്, ഡബ്ബിംഗ് മാരീസ് പി ചാക്കോ, സ്റ്റിൽസ് ഹരികൃഷ്ണൻ വെള്ളരിക്കുണ്ട്,
പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റുഡിയോ ഡബ്ല്യു.എം. സി ചിറ്റാരിക്കാൽ. പ്രൊഡക്ഷൻ സഹായികൾ ജയേഷ് കൊടക്കൽ, നബിൻ ഒടയംചാൽ, പ്രദീപ് ഒടയംചാൽ. യൂണിറ്റ് ഗ്രോടെക്. ലൊക്കേഷൻ കോട്ടച്ചേരി സഹകരണ ആശുപത്രി കാഞ്ഞങ്ങാട്
No comments