Breaking News

ലക്ഷ്യമിട്ടത് വിമാനത്താവള പരിസരങ്ങളിലെ വിൽപ്പന, രാസലഹരി കണ്ടെത്തിയത് സിപ് ലോക് കവറിൽ; കൊച്ചിയിൽ യുവതി അടക്കം നാല് പേർ പിടിയിൽ



കൊച്ചി: എംഡിഎംഎയുമായി യുവതി ഉൾപ്പടെ നാല് പേർ പൊലീസ് പിടിയിൽ. മൂന്നര ഗ്രാം എംഡിഎംഎയാണ് ചെങ്ങമനാട് സ്വദേശി അഭിജിത്ത് പുരുഷോത്തമൻ (24), നൂറനാട് സ്വദേശി ഷെൽജിക് (28), തൃക്കാക്കര സ്വദേശി റിഷാദ് (26), കോഴിക്കോട് ഫറോഖ് സ്വദേശി റിൻസി മുംതാസ് (32) എന്നിവരിൽ നിന്നും റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശേരി പൊലീസും ചേർന്ന് പിടികൂടിയത്.

കരിയാട് ഭാഗത്തുള്ള ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇവർ. സിപ് ലോക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു രാസ ലഹരി കണ്ടെത്തിയത്. എയർപോർട്ട് ഭാഗങ്ങളിൽ വില്പന നടത്തുകയായിരുന്നു ലക്ഷ്യമെന്നും ഇവർ നേരത്തെയും സമാന കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. പിടിയിലായ യുവതി റിമാൻഡ് കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.

ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ ഉമേഷ് കുമാർ, നെടുമ്പാശേരി ഇൻസ്പെക്ടർ ബി കെ അരുൺ, എസ്ഐമാരായ എൻ ജയപ്രകാശ്, ഹമീദ്, എ സി ബിജു, എഎസ്ഐമാരായ എം വി ബിനു, പി എൻ നൈജു, സി പി ഒ ഹസൻ കെ കരീം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

No comments