മാലോം പറമ്പയിൽ കടയുടമയ്ക്ക് നേരെ വടിവാൾ ആക്രമണം; കൈവിരലുകൾ അറ്റു, പ്രതിക്കെതിരെ കേസെടുത്തു
മാലോം : മാലോം പറമ്പയിൽ കട നടത്തുന്ന ഉടമയെ വടിവാൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ വരിയ്ക്കത്തോടിയിൽ ഹൗസിൽ അബ്രഹാം വി. വി (54) യുടെ രണ്ട് വിരലുകൾ അറ്റു. വലതു കൈയ്യിലെ തള്ളവിരലും ഇടതു കൈയ്യിലെ ചെറുവിരലുമാണ് അറ്റുപോയത്. ഗുരുതരമായി പരിക്കേറ്റ അബ്രഹാം ഇപ്പോൾ കണ്ണൂർ മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. പറമ്പ സ്വദേശിയായ ബേബി എന്നയാളാണ് ആക്രമണം നടത്തിയത്. അബ്രഹാമും പരാതിക്കാരിയായ സുനിതയും തമ്മിലുള്ള വിവാഹം നടന്നതുമായി ബന്ധപ്പെട്ട 'ബ്രോക്കർ ഫീസ്' നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. പ്രതി അസഭ്യം വിളിച്ചുകൊണ്ട് അബ്രഹാമിന്റെ കടയിലേക്ക് അതിക്രമിച്ചു കയറി വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു. അബ്രഹാമിന്റെ ഭാര്യ സുനിത വി. പി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു.
No comments