Breaking News

മെറിറ്റ് സ്കോളർഷിപ്പിനൊപ്പം സ്റ്റൈപ്പന്റും നൽകണം; പട്ടികവർഗ്ഗ വിദ്യാർത്ഥിക്ക് അനുകൂലമായി ലോക് അദാലത്ത് ഉത്തരവ്


പരപ്പ: സ്വന്തം കഴിവുകൊണ്ട് മെറിറ്റ് സ്കോളർഷിപ്പ് നേടിയ പട്ടികവർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥിക്ക്, ആനുകൂല്യങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൊസ്‌ദുർഗ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി. പരപ്പ ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥി അർജുൻ രതീഷിന്റെ മാതാവ് ബിന്ദു പി. നൽകിയ പരാതിയിലാണ് താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റി ചെയർമാനും , അഡീഷണൽ ജില്ലാ ജഡ്ജുമായ പി.എം.സുരേഷ്  ഉത്തരവിട്ടത്.

കേന്ദ്ര സർക്കാരിന്റെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പും (NMMS) സംസ്ഥാന പട്ടികവർഗ്ഗ വകുപ്പ് നൽകുന്ന സ്റ്റൈപ്പന്റും ലംപ്‌സം ഗ്രാന്റും ഒരുമിച്ച് നൽകാനാവില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. എന്നാൽ, ഭരണഘടനാപരമായ ആനുകൂല്യങ്ങളും വ്യക്തിപരമായ കഴിവുകൊണ്ട് നേടുന്ന മെറിറ്റ് സ്കോളർഷിപ്പും വെവ്വേറെയാണെന്നും ഇവ നിഷേധിക്കാൻ സർക്കാരിന് അധികാരമില്ലെന്നും ലോക് അദാലത്ത് വ്യക്തമാക്കി.

വിദ്യാർത്ഥിക്ക് രണ്ട് ആനുകൂല്യങ്ങളും ഉടൻ ലഭ്യമാക്കാൻ പരപ്പ ജി.എച്ച്.എസ്.എസ് പ്രിൻസിപ്പാളിനും ഭീമനടി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർക്കും കോടതി കർശന നിർദ്ദേശം നൽകി. സമയബന്ധിതമായി ഉത്തരവ് നടപ്പിലാക്കി റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ലീഗൽ സർഗ്ഗീസ് അതോറിറ്റി പാരാ ലീഗൽ വളണ്ടിയർ ശ്രീമതി മഹേശ്വരിയാണ് വിഷയത്തിൽ ആവശ്യമായ ഇടപെടൽ നടത്തിയത്.

No comments