Breaking News

സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് ലഹരി മരുന്നുമായി വീണ്ടും പിടിയിൽ


എറണാകുളം: സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് ലഹരി മരുന്നുമായി വീണ്ടും പിടിയിൽ. നെടുമ്പാശ്ശേരി എയർപോട്ടിന് സമീപത്തെ എം.ജെ റസിഡൻസിയിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ഉപയോഗിക്കാനായി കൈവശം വച്ചിരുന്ന 3.58 ഗ്രാം എംഡിഎംഎ ആണ് റിൻസിയിൽ നിന്ന് പിടികൂടിയതെന്നും ചോദ്യം ചെയ്യലിൽ ലഹരി ഉപയോഗിക്കാനും വിൽക്കാനുമാണ് റസിഡൻസിയിൽ മുറിയെടുത്തതെന്ന് ഇവർ പറഞ്ഞതായും പൊലീസ് അറിയിച്ചു. റിൻസിക്കൊപ്പം മറ്റു മൂന്നുപേരെ കൂടി നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്, നൂറനാട് സ്വദേശി ബിജു എന്നിവരാണ് അറസ്റ്റിലായത്. 2025 ജൂലൈ മാസത്തിലും എംഡിഎംഎയുമായി റിൻസി പിടിയിലായിരുന്നു. സിനിമാ മേഖലയിൽ അടക്കം ലഹരി എത്തിച്ചു നൽകുന്ന ആളാണ് കോഴിക്കോട് ഫറോക്ക് സ്വദേശിയായ റിൻസി മുംതാസ് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും താരമാണ് റിൻസി മുംതാസ്. അടുത്ത കാലത്തിറങ്ങിയ പല മലയാള സിനിമകളുടെ പ്രമോഷനും, മറ്റ് പ്രചാരണ പരിപാടികളും ഇവർ ഏറ്റെടുത്ത് നടത്തിയിരുന്നു. സിനിമാ പി.ആർ കമ്പനിയായ ഒബ്റ എന്റർടെയിൻമെന്റിന്റെ ഭാഗമായിരുന്നു റിൻസി. ലഹരിക്കേസിൽ അറസ്റ്റിലായതോടെ റിൻസിയെ ഒബ്റ തള്ളിപ്പറഞ്ഞിരുന്നു.

No comments