അവധിക്കാലമായി; റാണിപുരത്ത് സഞ്ചാരികളുടെ തിരക്കേറുന്നു
റാണിപുരം: അവധിക്കാലവും ഉത്സവദിനങ്ങളുമായതോടെ റാണിപുരത്ത് സഞ്ചാരികളുടെ തിരക്കേറുന്നു. സാധാരണഗതിയിൽ മഴയൊഴിഞ്ഞ് വേനൽ കടുക്കുന്നതിനു മുമ്പ് നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലമാണ് റാണിപുരത്ത് ട്രക്കിംഗിന് ഏറ്റവും അനുയോജ്യമായ സമയം. ഇപ്പോൾ പകൽസമയത്തെ വെയിൽച്ചൂട് സഞ്ചാരികൾക്ക് ക്ഷീണമാകുന്നുണ്ട്. എങ്കിലും മതിയായ മുൻകരുതലുകളോടെ മലകയറാനെത്തുന്നവരാണ് അധികവും. പനത്തടി പഞ്ചായത്തിൽ സമുദ്രനിരപ്പിൽ നിന്ന് 750 മുതൽ 1049 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റാണിപുരം ഹിൽ സ്റ്റേഷൻ ഇപ്പോൾ ബേക്കലിനൊപ്പം ജില്ലയിൽ ഏറ്റവുമധികം സഞ്ചാരികളെ ആകർഷിക്കുന്ന കേന്ദ്രമായി മാറിക്കഴിഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപജില്ലകളിൽ നിന്നുമുള്ളവർക്കു പുറമേ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും ബംഗളൂരുവിൽ നിന്നും കർണാടകയുടെയും തമിഴ്നാടിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നുമടക്കം സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്. കഴിഞ്ഞ വർഷം വേനലാരംഭത്തിൽ കാട്ടുതീ പടർന്ന് പുൽപ്പരപ്പുകൾ കത്തിനശിച്ചത് റാണിപുരത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായിരുന്നു. അതുകഴിഞ്ഞുള്ള വേനൽമഴയിൽ തന്നെ റാണിപുരത്തിന്റെ പച്ചപ്പ് വീണ്ടെടുത്തിരുന്നു. ഈ വർഷം വീണ്ടും ഉണങ്ങി സ്വർണവർണമായ പുൽമേടുകളിൽ ബോധപൂർവമായോ അല്ലാതെയോ തീപിടിത്തമുണ്ടാകാതിരിക്കാൻ വനംവകുപ്പ് തികഞ്ഞ ജാഗ്രത പാലിക്കുന്നുണ്ട്. പച്ചപ്പ് നിറഞ്ഞ പുൽമേടുകളും മലമുകളിൽ നിന്നുള്ള ദൂരക്കാഴ്ചകളും രാവിലെയും വൈകിട്ടും മൂടൽമഞ്ഞ് വന്നുവീഴുന്ന കാലാവസ്ഥയുമാണ് റാണിപുരത്തിന്റെ പ്രധാന ആകർഷണങ്ങൾ. അപൂർവയിനം സസ്യങ്ങൾ, ചിത്രശലഭങ്ങൾ, പക്ഷികൾ എന്നിവയേയും ഉരഗങ്ങളടക്കമുള്ള ചെറുജീവികളെയും ഇവിടെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. കാട്ടാനകളുടെ സാന്നിധ്യം ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ടെങ്കിലും ട്രക്കിംഗ് പാതകളിൽ അപകടസാധ്യതയൊഴിവാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ പതിവായി നിരീക്ഷണം നടത്തുന്നുണ്ട്. സഞ്ചാരികൾക്കായി ഡിടിപിസിയുടെ ആഭിമുഖ്യത്തിൽ നേരത്തേ സ്ഥാപിച്ചിട്ടുള്ള റിസോർട്ടിനൊപ്പം നിരവധി സ്വകാര്യ കോട്ടേജുകളും റിസോർട്ടുകളും സ്വകാര്യ ഗ്ലാസ് ബ്രിഡ്ജും ഇപ്പോൾ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.
No comments