Breaking News

ആഗ്രഹങ്ങൾക്ക് അതിരുകളില്ല.. പുനെയിലെ സ്വപ്നവേദിയിൽ നിറഞ്ഞാടി ചായ്യോത്തെ വീട്ടമ്മമാർ


ചായ്യോം :  ചായ്യോത്ത് സ്റ്റേഷൻവളപ്പിലെ അയൽവാസികളായ വീട്ടമ്മമാർ തങ്ങളുടെ ഡാൻസ് ചെയ്യാനുള്ള ആഗ്രഹം ഉള്ളിലൊതുക്കാതെ പരസ്പരം പങ്കുവെച്ചു. എല്ലാർക്കും ഒരേ വൈബ്.. നൃത്തത്തിൽ ശാസ്‌ത്രീയ പരിശീലനം നേടാത്ത ആ വീട്ടമ്മമാർ വീഡിയോകൾ കണ്ട് സ്വയം പഠിച്ചെടുത്തു. പരിശീലനം പുരോഗമിക്കുമ്പോൾ ആറുപേരിലും ആത്മവിശ്വാസം നിറഞ്ഞു. ടീമിന് നല്ലൊരു പേരുമിട്ടു 'നാട്യാഞ്ജലി'. ഒടുവിൽ ചായമിട്ട് സധൈര്യം അരങ്ങിലേക്ക്..

ആദ്യ അവതരണത്തിൽ തന്നെ കാണികളുടെ നിറഞ്ഞ കയ്യടി.. അതോടൊപ്പം സ്വന്തം കുടുംബത്തിൽ നിന്നും നാട്ടുകാരിൽ നിന്നും നല്ല പിന്തുണയും പ്രോത്സാഹനവും ലഭിച്ചതോടെ കൂടുതൽ വേദികളിൽ നൃത്തം ചെയ്യാൻ ഇവർക്ക് പ്രചോദനമായി.. 

ഓരോ വേദികൾ പിന്നിടുമ്പോഴും ഇവർക്ക് കിട്ടുന്ന ആത്മവിശ്വാസം ചെറുതല്ല.

കുടുംബത്തിൽ നിന്നുള്ള പരിപൂർണ്ണ പിന്തുണയാണ് ചെറിയ പ്രതിസന്ധികൾക്കിടയിലും ഇവരെ മുന്നോട്ട് നയിക്കുന്നത്.

മേയ്ക്കപ്പ്, വസ്ത്രങ്ങൾ രംഗാവതരണത്തിനുള്ള സാമഗ്രികൾ യാത്ര ചിലവ് ഉൾപ്പടെ നല്ലൊരു തുക ഓരോ അവതരണത്തിനും ഇവരിൽ നിന്നും ചിലവാകുന്നുണ്ട്. ചില സംഘാടകർ  ചിലവിനുള്ള തുക നൽകാറുണ്ടെങ്കിലും സാമ്പത്തിക ലാഭമൊന്നും നോക്കാതെ നൃത്തം ചെയ്യാനുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഇവർ പ്രോഗ്രാം ഏറ്റെടുക്കുന്നത്. 

 നാട്ടിലെ ഏതാനും വേദികളിൽ പ്രോഗ്രാം ചെയ്യുന്നതിനിടെയാണ്ഇപ്പോൾ കേരളത്തിന് പുറത്ത് നൃത്താവതരണം നടത്താൻ ഇവർക്ക് അസുലഭ ഭാഗ്യം കൈവന്നത്. ഏതൊരു ഡാൻസ് ടീമും പെർഫോം ചെയ്യാൻ ആഗ്രഹിക്കുന്ന പൂനെയിലെ അഖില ലോക് കല കൾച്ചറൽ ഓർഗനൈസേഷൻ നടത്തുന്ന "ഭാരത് ഉത്സവ് 2026" വേദിയെ വിസ്മയിപ്പിച്ചു കൊണ്ട്  നൃത്തം ചെയ്ത് മികച്ച അവതരണത്തിനുള്ള പ്രശസ്‌തി പത്രവും ഏറ്റുവാങ്ങി ചായ്യോത്തെ വീട്ടമ്മമാർ നാടിൻ്റെ അഭിമാന താരങ്ങളായിരിക്കുകയാണ്. ചമയ കലാകാരൻ അനിരുദ്ധ് വഴിയാണ് പൂനയിലെ ഡാൻസ് മത്സരത്തെക്ക് ഇവർ അപേക്ഷിക്കുന്നത്. സെലക്ഷൻ ലഭിച്ചത് തന്നെ വലിയ ഭാഗ്യമായി ഇവർ കരുതുന്നു

മൊത്തം 10 കലാകാരികൾ അടങ്ങുന്ന  നാട്യാഞ്‌ജലി ടീമിൽ നിന്നും ശ്യാമിന.പി, ഷിജ.പി, ശ്രീന പി.വി, രാഖി.കെ, രാധിക കെ.വി, രമണി.കെ എന്നിവരാണ് പൂനെയിലേക്ക് പോയ ഡാൻസ് ടീമിൽ ഉണ്ടായിരുന്നത്.

കേരളത്തിൻ്റെ അനുഷ്‌ഠാന കലാരൂപമായ തെയ്യത്തിൻ്റെ വിവിധ ഭാവങ്ങളെ അരങ്ങിലെത്തിച്ച് പ്രൊഫഷണൽ ഡാൻസ് ട്രൂപ്പുകളോട് കിടപിടിക്കുന്ന മികവോടെയാണ് ഇവർ പൂനെയിലെ പ്രേക്ഷകരുടെ ഹൃദയം കവർന്നത്. ചിത്രയുടെ പരിശീലനത്തിൽ ടീം നടത്തിയ ദിവസങ്ങൾ നീണ്ട കഠിന പ്രയത്നത്തിലൂടെയാണ് 8 മിനിട്ട് നീളുന്ന ഡാൻസ് മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത്

താല്പര്യവും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ പ്രായവും സാഹചര്യവുമൊന്നും ആഗ്രഹങ്ങൾക്ക് തടസ്സമാവിലെന്ന് വിളിച്ചോതുകയാണ് നാട്യാഞ്ജലിയിലെ ഈ പെൺസംഘം.






No comments