ആറുവയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടാനുപ്പയ്ക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി
കാസർകോട്: ആറുവയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടാനുപ്പയ്ക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്വാർട്ടേഴ്സിൽ താമസക്കാരനായ കുട്ടിയുടെ പരാതിപ്രകാരം മാതാവിന്റെ രണ്ടാം ഭർത്താവായ ഷൗക്കത്തലി എന്ന ആൾക്കെതിരെയാണ് കേസെടുത്തത്. മാർച്ച് 31നും ഏപ്രിൽ ഒന്നിനുമാണ് കേസിനാസ്പദമായ സംഭവം. ഈ ദിവസങ്ങളിൽ പരാതിക്കാരനായ കുട്ടിയെ മുടിക്ക് കുത്തിപ്പിടിച്ച് കൈകൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് കേസ്. പ്രസ്തുത ദിവസങ്ങളിൽ കുട്ടി താമസിക്കുന്ന ക്വാർട്ടേഴ്സിൽ നിന്നു നിലവിളി കേട്ടതിനെ തുടർന്ന് അയൽവാസികൾ നടത്തിയ നിരീക്ഷണത്തിലാണ് ക്രൂരമായ മർദ്ദന വിവരം പുറത്തായത്. കുട്ടിയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഒരാൾ മൊബൈൽ ഫോണിൽ പകർത്തി പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് രണ്ടാനുപ്പയുടെ ക്രൂരകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തായത്. ഇതേ തുടർന്ന് കുട്ടിയിൽ നിന്നു വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ ചൈൽഡ് ഫ്രന്റലി റൂമിൽ വച്ച് വനിതാ പൊലിസ് വിശദമായ മൊഴിയെടുത്ത ശേഷമാണ് രണ്ടാനുപ്പയായ ഷൗക്കത്തലിക്കെതിരെ കേസെടുത്തത്. പീഡനത്തിനു ഇരയായ കുട്ടിക്ക് മറ്റു രണ്ടു സഹോദരങ്ങൾ കൂടിയുണ്ട്. ഒരാണും പെണ്ണും. മൂന്നു മാസം മുമ്പാണ് മൂന്നു മക്കളുടെ മാതാവായ യുവതി ഭർത്താവിനെ ഉപപേക്ഷിച്ച് ഷൗക്കത്തലിക്കൊപ്പം താമസം തുടങ്ങിയത്. മർദ്ദനം സംബന്ധിച്ച് കൂടുതൽ അന്വേഷണം തുടരുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
No comments