Breaking News

കബഡി നിയന്ത്രിച്ച് കളിക്കളത്തിൽ ശ്രദ്ധാകേന്ദ്രമായി ഉണ്ണിമായ... കോളിയടുക്കം അണിഞ്ഞയിലെ വി പി റിജിന (23) യാണ് കബഡി റഫറിയെന്ന നിലയിൽ മികവ് തെളിയിക്കുന്നത്


ഉദുമ : കബഡി നിയന്ത്രിച്ച് കളിക്കളത്തിൽ ശ്രദ്ധാകേന്ദ്രമായി ഉണ്ണിമായ, കോളിയടുക്കം അണിഞ്ഞയിലെ ഉണ്ണിമായ എന്ന വി പി റിജിന (23) യാണ് കബഡി റഫറിയെന്ന നിലയിൽ മികവ് തെളിയിക്കുന്നത്. ജില്ലയിലെ ഏക വനിതാ റഫറിയാണ്. ഓട്ടോ ഡ്രൈവറായ വി പി നാരായണന്റെയും മുൻ കബഡി താരം ഇ കെ ചിന്താമണിയുടെയും മകളാണ്. അണിഞ്ഞയിലെ എപിസി ക്ലബ് മൈതാനത്തായിരുന്നു കബഡിയുടെ ബാലപാഠം. കബഡി താരമായ അമ്മയാണ് പ്രോത്സാഹനം നൽകിയത്. സ്കൂൾ-, കോളേജ് കാലത്ത് സംസ്ഥാന, സർവകലാശാല തലങ്ങളിൽ കബഡിയിൽ തിളങ്ങി. കണ്ണൂർ സർവകലാശാല വനിതാ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ബിഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന ദേശീയ കബഡി മത്സരങ്ങളിലും സാന്നിധ്യമറിയിച്ചു. കൊപ്പൽ റെഡ് വേൾഡിന്റെ വനിതാ ടീമിലും തിളങ്ങി. 2021--22 കാലത്താണ് റഫറി മേഖലയിലേക്ക് തിരിയുന്നത്. ഇതുവരെ നൂറിലേറെ മത്സരങ്ങളിൽ റഫറിയായി. കോഴിക്കോട് ഗവ. കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ ഉണ്ണിമായ അപ്സര പബ്ലിക് സ്കൂളിൽ കായികാധ്യാപികയായും പ്രവർത്തിച്ചു. കളിക്കളത്തിലെ കടുത്ത സമ്മർദങ്ങൾക്കിടയിലും സ്വന്തം തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നതാണ് റിജിനയുടെ ശൈലി. വിമർശനങ്ങളെ സ്പോർട്സ്മാൻ സ്പിരിറ്റോടെ മാത്രമാണ് ഉണ്ണിമായ കാണുന്നത്. സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ മികച്ച റഫറിയായി ഉയരുകയെന്നതാണ് ഉണ്ണിമായയുടെ സ്വപ്നം. ഋഷിദേവ്, ഋഷികല എന്നിവരാണ് സഹോദരങ്ങൾ. കാസർകോട് ഗവ. കോളജിൽനിന്ന് ബിഎ പഠനം പൂർത്തിയാക്കി. കോഴിക്കോട് ഗവ. കോളേജ് ഫിസിക്കൽ എജ്യുക്കേഷനിലായിരുന്നു കായികാധ്യാപക പഠനം.

No comments