Breaking News

കാരഗുളികൻ തെയ്യം കാണാൻ പോയ 15 കാരന്റെ കാലിൽ പടക്കത്തിന്റെ ചീള് തുളച്ചു കയറി; ചോദ്യം ചെയ്ത കുട്ടിയെയും മാതാപിതാക്കളെയും ആക്രമിച്ചു, മൂന്നുപേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്  : കാരഗുളികൻ തെയ്യം കാണാൻ പോയ പതിനഞ്ചുകാരന്റെ കാലിലേയ്ക്ക് പടക്കത്തിന്റെ ചിള് തുളച്ചു കയറി. ഇതു ചോദ്യം ചെയ്ത കുട്ടിയെയും മാതാപിതാക്കളെയും അടിച്ചു പരിക്കേൽപ്പിച്ച മൂന്നു പേർക്കെതിരെ ഹൊസ്ദുർഗ്ഗ് പൊലീസ് കേസെടുത്തു. ഉപ്പിലക്കെ, അടുക്കത്തുപ്പറമ്പിലെ 15 കാരന്റെ പരാതിയിൽ പുതുക്കൈ സ്വദേശികളായ അഭിലാഷ്, ഷിബു, ഷിബിൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ചതുരക്കിണർ കാരഗുളികൻ ദൈവസ്ഥാനത്തിനു സമീപത്താണ് സംഭവം. തെയ്യം കാണാനാണ് പതിനഞ്ചുകാരൻ ഇവിടെ എത്തിയത്. തെയ്യം കണ്ടു കൊണ്ടിരിക്കെ പൊട്ടിച്ച പടക്കത്തിന്റെ ചീള് പതിനഞ്ചുകാരന്റെ കാലിലേയ്ക്ക് തുളച്ചു കയറുകയായിരുന്നുവെന്നു പറയുന്നു.ഇതു ചോദ്യം ചെയ്ത 15 കാരനെ അഭിലാഷ് അസഭ്യം പറയുകയും വലതു ചെവിക്ക് അടിക്കുകയായിരുന്നുവെന്നു പരാതിയിൽ പറഞ്ഞു. തള്ളി താഴെ ഇട്ടശേഷം വീണ്ടും അക്രമിക്കാൻ ശ്രമിച്ചത് തടയാൻ ശ്രമിച്ച പരാതിക്കാരന്റെ അച്ഛൻ പ്രദീപിനെ മൂന്നുപേരും ചേർന്ന് മർദ്ദിച്ചുവെന്നു പരാതിപ്പെട്ടു.

ഇത് കണ്ട് തടയാൻ എത്തിയ മാതാവിനെയും മർദ്ദിച്ചു. അമ്മാവന്റെ മകൻ സനീഷിന്റെ തോളിൽ ഇരുമ്പു ലിവർ കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചതായും ഹൊസ്ദുർഗ്ഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു.


No comments