കാസർകോട്: വോട്ട് ചെയ്ത് വീട്ടിൽ തിരിച്ചെത്തിയ ആളെ സോഫയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുഡ്‌ലുവിൽ ശിവകൃഷ്ണ നഗറിലെ ശ്രീ ദുർഗ്ഗാ ഹൗസിൽ ബി. രാമമൂർത്തി (75)യുടെ മൃതദേഹമാണ് വീട്ടിനകത്തു കണ്ടെത്തിയത്. വീട്ടിനകത്തെ സോഫയിൽ ഇരുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സമീപത്ത് ചോരതുള്ളികളുണ്ട്. ഇത് എങ്ങിനെ ഉണ്ടായതെന്നു വ്യക്തമല്ല. വോട്ടു ചെയ്ത് വീട്ടിൽ തിരിച്ചെത്തിയിരുന്ന രാമമൂർത്തിയെ വെള്ളിയാഴ്ച ആരും പുറത്തു കണ്ടിരുന്നില്ല. ശനിയാഴ്ച രാവിലെയും കാണാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. വീടിന്റെ വാതിൽ ചാരിയിരുന്നുവെങ്കിലും കുറ്റിയിട്ടിരുന്നില്ല. രാമമൂർത്തി വീട്ടിൽ തനിച്ചാണ് താമസം. മകളുടെ ഭർത്താവ് നൽകിയ പരാതിയിൽ ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നു സംശയിക്കുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: പരേതയായ ശശികല. മക്കൾ; ശ്വേത (ബാഡൂർ സ്കൂൾ അധ്യാപിക), അക്ഷത. മരുമക്കൾ: ജയപ്രകാശ് (വിദ്യാഭ്യാസ വകുപ്പ്), ദീപക് (ഗൾഫ്).
No comments