Breaking News

കുറ്റിക്കോലിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകന് പരുക്ക്


കുറ്റിക്കോൽ : പുളിവിഞ്ചി കൊടക്കുഴിയിൽ കമുകിനു വെള്ളം നനയ്ക്കാനെത്തിയ കർഷകനെ കൃഷിയിടത്തിൽ കാട്ടുപന്നി ആക്രമിച്ചു. പുളുവിഞ്ചിയിലെ അജി കുമാറിനാണു (49) പരുക്കേറ്റത്. കാലിനു പരുക്കേറ്റ അജി സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ആദ്യത്തെ ആക്രമണത്തിൽ നിലത്തുവീണ അജിയെ വീണ്ടും ആക്രമിക്കാൻ മുതിരാതെ കാട്ടുപന്നി ഓടിപ്പോയതിനാൽ ജീവൻ രക്ഷിക്കാനായി.

ഇന്നലെ രാവിലെ 8.30ന് ആണു സംഭവം. പ്രദേശത്തു കാട്ടുപന്നിശല്യം രൂക്ഷമാണ്. രാവിലെ ട്യൂഷൻ ക്ലാസുകളിലേക്കു പോകുന്ന വിദ്യാർഥികളും ടാപ്പിങ്ങിനും നടക്കാനും പോകുന്നവരും കാട്ടുപന്നി ആക്രമണഭീതിയിലാണ്. വൈകിട്ട് 7 മണി കഴിയുമ്പോഴേക്കും വീട്ടുമുറ്റങ്ങളിൽ പന്നിക്കൂട്ടം എത്തുന്നുണ്ട്. രാത്രിയും രാവിലെയും ഭയന്നാണ് ആളുകൾ വീടുകൾക്ക് പുറത്തിറങ്ങുന്നത്. അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ തയാറാവണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.


No comments