ലണ്ടനില്‍ മുങ്ങിമരിച്ച വെള്ളിക്കോത്ത് സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
കാഞ്ഞങ്ങാട്: ലണ്ടനിൽ മുങ്ങിമരിച്ച വെള്ളിക്കോത്ത് കാരക്കുഴി കീർത്തി വിനായക'യിൽ കീർത്തി രാജഗോപാൽ (25) മൃതദ്ദേഹം നാട്ടിൽ എത്തിച്ച് സംസ്കരിച്ചു. തിങ്കളാഴ്ച പുലർച്ചെ 3 മണിയോടെ മംഗളൂരു എയർപോർട്ടിൽ എത്തിച്ച മൃതദേഹം രാവിലെ 10 ന് വീട്ടിൽ എത്തിച്ചു. തുടർന്ന് ഉച്ചയ്ക്ക് 12 ന് സംസ്കാരം നടത്തി. വിദ്യാർഥി വിസയിൽ യുകെയിൽ എത്തിയ കീർത്തി രാജഗോപാൽ പോസ്റ്റ് ഡി വീസയിൽ ജോലിയിൽ തുടരുകയായിരുന്നു. ഗവേഷണ പഠനത്തിനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു. ലണ്ടനിലെ ഡെസിമ സ്ട്രീറ്റ് സർജറിയിൽ പേഷ്യന്റ് സർവീസ് അഡൈ്വസറായി ജോലി ചെയ്തിരുന്ന കീർത്തി ഈസ്റ്റ് ലണ്ടനിലെ കാനറി വാർഫിന് സമീപമുള്ള ടവർ ഹാംലെറ്റ്സ് ബറോയിലാണ് താമസിച്ചിരുന്നത്. മാർച്ച് 30 ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം പുറത്തേക്ക് പോയ കീർത്തിയെ അടുത്ത ദിവസങ്ങളിലാണ് തേംസ് നദിയുടെ തീരത്ത് നിന്ന് മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം 31നാണ് മരണം സംഭവിച്ചത്. റിട്ട. സൈനികൻ രാജഗോപാലിന്റെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉദ്യോഗസ്ഥയായ റീനയുടെയും മകളാണ്. സഹോദരൻ വിനായക്.
No comments