പാലക്കുന്നിൽ നിയന്ത്രണം തെറ്റിയ ലോറി തെരുവ് വിളക്കിന്റെ തൂണ് ഇടിച്ചു തകർത്ത ശേഷം കടയിലേക്ക് ഇടിച്ചു കയറി വൻ ദുരന്തം ഒഴിവായി
കാസർകോട്: നിയന്ത്രണം തെറ്റിയ ലോറി തെരുവ് വിളക്കിന്റെ തൂണ് ഇടിച്ചു തകർത്ത ശേഷം റോഡിന്റെ മറു ഭാഗത്തുള്ള കടയിലേക്ക് ഇടിച്ചു കയറി. പരിക്കേറ്റ ഡ്രൈവർ കോഴിക്കോട് സ്വദേശി അനൂപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ കാസർകോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിൽ പാലക്കുന്നിലാണ് അപകടം. മംഗ്ളൂരു ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. പാലക്കുന്നിൽ എത്തിയപ്പോൾ നിയന്ത്രണം തെറ്റിയ ലോറി ഡിവൈഡറിലെ തെരുവു വിളക്കിന്റെ തൂൺ ഇടിച്ചു തകർത്ത ശേഷം വലതു ഭാഗത്തേക്ക് കയറി സമീപത്തെ കടയിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. ശബ്ദം കേട്ട് പരിസരവാസികളും ബേക്കൽ പൊലീസും സ്ഥലത്ത് എത്തി. ഈ സമയത്ത് ഡവർ ലോറിയുടെ ക്യാബിനകത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് നിന്നു ഫയർഫോഴ്സ് എത്തുമ്പോഴേക്കും പൊലിസും നാട്ടുകാരും ചേർന്ന് ഡ്രൈവറെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചിരുന്നു. ഡവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നു സംശയിക്കുന്നു. അപകടസമയത്ത് റോഡിൽ ഏതെങ്കിലും വാഹനങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ വലിയ ദുരന്തം തന്നെ സംഭവിക്കുമായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. കട തുറക്കാത്തതും ആളപായം ഒഴിവാക്കി.
No comments