മാങ്ങാപ്രിയർക്കായിതാ .. പടന്നക്കാട് കാർഷിക കോളേജിൽ മധുരം നിറച്ച് മലബാർ മാംഗോ ഫെസ്റ്റ് ആരംഭിച്ചു
നീലേശ്വരം : എത്ര മാങ്ങ കഴിച്ചാലും മടുക്കാത്ത മാങ്ങാപ്രിയർക്കായിതാ പടന്നക്കാട് കാർഷിക കോളേജിനകത്തെങ്ങും മധുരം നിറച്ച് മലബാർ മാംഗോ ഫെസ്റ്റ് തുടങ്ങിയിട്ടുണ്ട്. മാങ്ങ വാങ്ങാൻ മടിച്ചുനിൽക്കുന്നവർ അടുത്തെത്തിയാൽ ഒരു കഷ്ണം മുറിച്ച് സൗജന്യമായി നൽകും. രുചിയറിഞ്ഞവർ പിന്നെ കുറഞ്ഞത് ഒരു കിലോയെങ്കിലും വാങ്ങിയേ മടങ്ങൂ. അങ്ങനെ മാമ്പഴക്കാലം കഴിഞ്ഞാലും മാങ്ങയുടെ രുചിയും മണവും ഗൃഹാതുരത്വമുണ്ടാക്കുന്ന തരത്തലിൽ വൈവിധ്യമായ ഇനങ്ങളാണ് ഫെസ്റ്റിലുള്ളത്. കാർഷിക കോളേജ് വിദ്യാർഥി യൂണിയൻ അധ്യാപകരുടെയും സർവകലാശാലയുടെയും സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 'യുദ്ധത്തിന്റെ കയ്പ്പല്ല, മാമ്പഴത്തിന്റെ മധുരം പടരട്ടെ' എന്ന ആശയം മുന്നോട്ടുവെച്ചാണ് ഇത്തവണത്തെ മാംഗോ ഫെസ്റ്റ് നടത്തുന്നത്. കലക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ശ്രീനാഥ് ആർ നായർ അധ്യക്ഷനായി. ഡോ. പി കെ മിനി, എൻ കെ ബിനീത എന്നിവർ സംസാരിച്ചു. കാർഷിക കോളേജ് ഡീൻ ഡോ. ടി സജിത റാണി സ്വാഗതവും ഫെസ്റ്റ് കൺവീനർ എൻ എസ് അഭിനവ് നന്ദിയും പറഞ്ഞു. മാമ്പഴത്തിന്റെ പല ഇനങ്ങളായ മല്ലിക, റുമാനി, നീലം,മൂവാണ്ടൻ, ഹിമപസന്ത്, അൽഫോൻസോ എന്നിവയ്ക്കാണ് ആവശ്യക്കാരേറെ. തൊത്തപൂരി, നടശാല, ലഡു, ഹിമാപ്പസന്ത്, മാണിക്ക്യം, പഞ്ചവർണം, കേസർ, മൽഗോവ, ഭംഗനപ്പള്ളി, അൽഫോൻസോ, മല്ലിക, നീലം, സിന്ദൂരം, മൂവാണ്ടൻ, റുമാനി തുടങ്ങിയവയാണ് വിൽപനക്ക് ഒരുക്കിയിത്. മാമ്പഴവിൽപ്പനക്ക് പുറമെ നൂതന സാങ്കേതിക വിദ്യ പരിചയപെടുത്തിയും, ടിഷ്യൂ വാഴ, ജൈവനിയന്ത്രണ ഉപാധികളായ സ്യൂഡോമോണാസ് ട്രൈക്കോഡെർമ എന്നിവയും കാർഷിക പ്രദർശനത്തിൽ വിൽപ്പനക്കായി സജ്ജമാക്കിയിട്ടുണ്ട്. കാർഷിക വിളകളുടെ വിത്തുകളും, തൈകളും, നടീൽ വസ്തുക്കളും വിവിധയിനം ഫലവൃക്ഷത്തൈകളും വിൽപ്പനക്കുണ്ട്. വിദ്യാർഥികൾ തയ്യാറാക്കുന്ന വിഭവങ്ങളടങ്ങിയ ഭക്ഷ്യമേളയുമുണ്ട്. നീരയും നീരയിൽ നിന്നുള്ള ഉത്പന്നങ്ങളും ലഭിക്കും. വെള്ളി, ശനി ദിവസങ്ങളിൽ അഗ്രോ ക്ലിനിക്കുണ്ടാകും. വെള്ളി രാവിലെ 10ന് കവുങ്ങ് കൃഷിയും പരിപാലനവും - ചെറിയ മാറ്റം വലിയ നേട്ടം എന്ന വിഷയത്തിൽ ഡോ. കെ എം ശ്രീകുമാർ ക്ലാസെടുക്കും. 1.30ന് തെങ്ങ് സംരക്ഷണം വിഷയത്തിൽ ഡോ. പി കെ സജീഷ് ക്ലാസെടുക്കും.
No comments