Breaking News

ജില്ലാപഞ്ചായത്ത് നിർമിച്ച കുട്ടികളുടെ സിനിമ പച്ചത്തെയ്യത്തിന് മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള 49-ാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരം


കാസർഗോഡ് : ജില്ലാ പഞ്ചായത്ത്  നിർമിച്ച കുട്ടികളുടെ സിനിമ പച്ചത്തെയ്യത്തിന് മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള 49-ാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരം. മികച്ച ബാലനടനുള്ള പുരസ്കാരം ചിത്രത്തിൽ അഭിനയിച്ച കാറഡുക്ക ജിവിഎച്ച്എസ്എസ്സിലെ പത്താം ക്ലാസ് വിദ്യാർഥി ധാർമിക് സുധാകരന് ലഭിച്ചു. കുറ്റിക്കോൽ സൺഡെ തിയറ്ററാണ് സിനിമ ഒരുക്കിയത്. ജില്ലാ പഞ്ചായത്ത് 2024ലെ വാർഷിക പദ്ധതിയിൽപ്പെടുത്തിയാണ് കുട്ടികളുടെ സിനിമ നിർമിച്ചത്. ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ശ്രീഹരി സജിത്ത്, ശ്രീനന്ദ, അമേയ, ആദിഷ്, ആദിതേജ്, ലയ തുടങ്ങി 19 കുട്ടികൾക്ക് പുറമെ സിനിമാ താരങ്ങളായ അനൂപ് ചന്ദ്രൻ, ഉണ്ണിരാജ് ചെറുവത്തൂർ, രാജേഷ് അഴീക്കോടൻ, സി പി ശുഭ, സുരേഷ് മോഹൻ, മധു ബേഡകം, അനീഷ് കുറ്റിക്കോൽ, ശാരദ മധു, ജിജിഷ തുടങ്ങിയവരും വേഷമിട്ടു. ഗോപി കുറ്റിക്കോലാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചത്. രാമേശ്വരം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും ബീഹാറിൽ നടന്ന ജാജാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും മികച്ച ചിത്രമായി പച്ചത്തെയ്യം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അഹമ്മദാബാദ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി പവേശനം നേടി. പുതിയ കാലത്ത് കുട്ടികളെ പല വേഷങ്ങളിൽ പിടികൂടാൻ വരുന്ന ദുഷ്ടശക്തികൾക്കെതിരെയുള്ള താക്കീതാണ് സിനിമയുടെ പ്രമേയം. മൊബൈൽ ഗെയിമിന് അടിപ്പെട്ടുപോയ കുട്ടികളെ നാടൻ കളികളിലൂടെ തിരിച്ചുപിടിച്ച് പ്രതിരോധം തീർക്കുന്ന പ്രമേയത്തിന് ഏറെ പ്രസക്തിയുണ്ടെന്നും രക്ഷിതാക്കൾ കൂടി കാണേണ്ട സിനിമയാണിതെന്നും ജൂറി വിലയിരുത്തി. ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലെ നിരവധി ക്ലബ്ബുകൾ ഇപ്പോൾ സിനിമ പ്രദർശിക്കുന്നുണ്ട്. കുടുംബൂർ, കൊളത്തൂർ, കുറ്റിക്കോൽ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ജി സതീഷ്ബാബു ക്രിയേറ്റീവ് ഡയറക്ടറായും അനുപ്രാജ് ഇരിട്ടി അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചു. മനോജ് കെ സേതുവാണ് ഛായാഗ്രാഹകനും എഡിറ്ററും. അനന്തകൃഷ്ണനാണ് കലാസംവിധാനം. കാഞ്ഞങ്ങാട് രാമചന്ദ്രൻ, രാകേഷ് നായർ തുടങ്ങിയവർ സംഗീത സംവിധാനം നിർവ്വഹിച്ചു. ജി ജി ആകാശാണ് സൗണ്ട് എൻജിനീയർ.മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയ ധാർമിക് അഞ്ചാംക്ലാസ് മുതൽ നാടകരംഗത്ത് സജീവമാണ്. ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഈ പ്രതിഭ നേരത്തെ 'ബിലത്തിക്കുഴൽ' സിനിമയിലും വേഷമിട്ടിട്ടുണ്ട്. കെഎസ്ഇബി ജീവനക്കാരനും നാടക പ്രവർത്തകനുമായ സുധാകരന്റെയും ശ്രീഷയുടെയും മകനാണ് ധാർമ്മിക്. സഹോദരി തന്മയയും മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

No comments