Breaking News

കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികളെ പങ്കെടുപ്പിച്ച് മലനാട് വികസന സമിതി വികസന സംവാദം സംഘടിപ്പിച്ചു


പാണത്തൂർ: കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികളെ പങ്കെടുപ്പിച്ച് മലനാട് വികസന സമിതി വികസന സംവാദം സംഘടിപ്പിച്ചു. മണ്ഡലത്തിന്റെ സമഗ്ര പുരോഗതിക്കായി മുന്നണികൾ വിഭാവനം ചെയ്യുന്ന ഭാവി പദ്ധതികളും ആസൂത്രണങ്ങളും ചർച്ച ചെയ്യുന്നതിനായി ഒരുക്കിയ വേദിയിൽ സ്ഥാനാർത്ഥികളായ ഷൈജി ഓട്ടപ്പള്ളി, അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, എം. ബൽരാജ് എന്നിവർ സംബന്ധിച്ചു.

മണ്ഡലത്തിന്റെ സ്വപ്ന പദ്ധതികളായ കാഞ്ഞങ്ങാട് - കാണിയൂർ റെയിൽവേ ലൈൻ, ഹോസ്ദുർഗ് - പാണത്തൂർ - മടിക്കേരി ഭാരത് മാല റോഡ് എന്നിവയുടെ തുടർ പ്രവർത്തനങ്ങളെക്കുറിച്ചും സ്ഥാനാർത്ഥികളുടെ വികസന കാഴ്ചപ്പാടുകളെക്കുറിച്ചും ചർച്ചയിൽ ചോദ്യങ്ങൾ ഉയർന്നു. സംസ്ഥാന പാത നാലുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി സമിതി സമർപ്പിച്ച നിവേദനത്തിന്മേൽ ആരംഭിച്ച എച്ച്.പി (HP) റോഡ് പദ്ധതി, പാണത്തൂർ കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ, മലയോര മേഖലയിൽ ഫയർ സ്റ്റേഷൻ, അത്യാധുനിക പൊതുശ്മശാനം എന്നിവയുടെ ആവശ്യകതയും സമിതി ഉന്നയിച്ചു.

ലഹരിക്കും മൊബൈൽ അടിമത്തത്തിനുമെതിരെ കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി ടർഫുകളും കളിസ്ഥലങ്ങളും ഒരുക്കുക, താലൂക്ക് ആശുപത്രി വികസനം, മാവുങ്കാൽ - കാഞ്ഞങ്ങാട് ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ബൈപ്പാസ്, വൺവേ സൗകര്യങ്ങൾ ഏർപ്പെടുത്തുക, ഗ്രാമീണ റോഡുകളുടെ ബി.എം.ബി.സി (BMBC) നിലവാരത്തിലുള്ള നവീകരണം, ഗ്രാമീണ ടൂറിസം, പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സ്ഥാനാർത്ഥികൾ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് ശേഷം മലനാട് വികസന സമിതിയെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് മൂന്ന് സ്ഥാനാർത്ഥികളും ഉറപ്പുനൽകി.

മലനാട് വികസന സമിതി ചെയർമാൻ ആർ. സൂര്യനാരായണ ഭട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രാജീവ് തോമസ് സ്വാഗതവും ജനറൽ സെക്രട്ടറി ബി. അനിൽകുമാർ മോഡറേറ്ററായും പ്രവർത്തിച്ചു. ട്രഷറർ അജി ജോസഫ് നന്ദി രേഖപ്പെടുത്തി. സമിതി ഭാരവാഹികളായ എ.കെ. ശശി, കെ.യു. കൃഷ്ണകുമാർ, അബു താഹിർ, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ സതീശൻ, സജി തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.


No comments