ബംഗാളിൽ പുതു ചരിത്രം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുവേന്ദു അധികാരി, ചടങ്ങിൽ മോദിയുൾപ്പെടെ നിരവധി പ്രമുഖർ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈശ്വര നാമത്തിലാണ് സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തത്. വലിയ ആരവത്തോടെയാണ് ബംഗാൾ ജനത സുവേന്ദുവിനെ വരവേറ്റത്. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് ബ്രിഗേഡ് ഗ്രൗണ്ടിൽ എത്തിയിരിക്കുന്നത്. നരേന്ദ്ര മോദി, അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിട്ടുണ്ട്. സുവേന്ദുവിനൊപ്പം അഞ്ചു മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു.
പശ്ചിമബംഗാളിലെ ബിജെപിയുടെ പോരാട്ട വീര്യത്തിന്റെ പര്യായമാണ് സുവേന്ദു അധികാരി. മരുമകൻ അഭിഷേക് ബാനർജിയെ മമത പാർട്ടിയിലെ രണ്ടാമനാക്കിയതിന് പിന്നാലെയാണ് സുവേന്ദു തൃണമൂൽ കോൺഗ്രസ് വിട്ടത്. ടിഎംസിയുടെ എല്ലാ കളികളും അറിയാവുന്ന, മമതയുടെ ബദ്ധവൈരിയായ സുവേന്ദു മുഖ്യമന്ത്രിയാകുമ്പോൾ ബംഗാൾ ഇനി സാക്ഷിയാകാൻ പോകുന്നത് ഒരുപാട് നാടകീയ സംഭവങ്ങൾക്കായിരിക്കും.
ബംഗാളിൽ കഴിഞ്ഞ അഞ്ച് വർഷമായി ബിജെപിയുടെ കുന്തമുനയാണ് സുവേന്ദു അധികാരി. തൃണമൂൽ കോൺഗ്രസിനോട് നേരിട്ട് പോരടിച്ച് നിയമസഭയ്ക്കകത്തും പുറത്ത് തെരുവിലും സുവേന്ദു നടത്തിയ പോരാട്ടം ബിജെപിയുടെ ചരിത്ര വിജയത്തിൽ നിർണായകമായി. പല സംസ്ഥാനങ്ങളിലെയും പോലെ നയിക്കാൻ ഒരു മുഖമില്ലെന്ന പ്രതിസന്ധി ബംഗാളിൽ ബിജെപിക്കില്ല. ദിലീപ് ഘോഷടക്കം മികച്ച നേതാക്കൾ ഉണ്ടായിരിക്കേയും കഴിഞ്ഞ അഞ്ച് വർഷം കൊണ്ടാണ് അടിക്ക് തിരിച്ചടിയെന്ന ശൈലിയിലുള്ള പ്രവർത്തനങ്ങളിലൂടെ സുവേന്ദു പാർട്ടിയിൽ ഒന്നാമനായത്.
No comments