നീറ്റ് പരീക്ഷാ ക്രമക്കേട്: കാഞ്ഞങ്ങാട്ട് വിദ്യാർഥി പ്രതിഷേധമിരമ്പി
കാഞ്ഞങ്ങാട് : നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധം പുതിയ തലത്തിലേക്ക്. ജില്ലയിൽ കാഞ്ഞങ്ങാട് പൊലീസ് ഉയർത്തിയ ശക്തമായ ബാരിക്കേഡുകളും സുരക്ഷാ വലയങ്ങളും ഭേദിച്ച് വിദ്യാർഥികൾ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി. പരീക്ഷ റദ്ദാക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വത്തിൽ നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ നൂറുകണക്കിന് വിദ്യാർഥികളാണ് തങ്ങളുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തിൽ നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. ചോദ്യപേപ്പർ ചോർത്തി വിദ്യർഥികളുടെ ഭാവി അപകടത്തിലാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ രാവിലെ കോട്ടച്ചേരി പഴയബസ്റ്റാൻഡ് കേന്ദ്രീകരിച്ചായിരുന്നു പ്രകടനം. മാർച്ച് ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിലെത്തിയപ്പോഴേക്കും വൻപോലീസ് സന്നാഹം ബാരിക്കേഡുയർത്തി ഗേറ്റിൽ തടഞ്ഞു. ഇതും തകർത്ത് വിദ്യാർഥികൾ പോസ്റ്റ് ഓഫീസ് കോന്പൗണ്ടിലേക്ക് ഇരച്ചുകയറിയപ്പോൾ പോലീസ് പ്രതിരോധം നിഷ്പ്രഭമായി. സമരം എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ബിപിൻരാജ് പായം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അദിനാൻ ചട്ടഞ്ചാൽ അധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറിമാരായ കെ പി വൈഷ്ണവ്, എം അനുരാജ്, സംസ്ഥാന കമ്മിറ്റിയംഗം കെ സജേഷ്, കാഞ്ഞങ്ങാട് ഏരിയാസെക്രട്ടറി പി കെ മഞ്ജിഷ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ അനുരാഗ് സ്വാഗതം പറഞ്ഞു.
No comments