അമ്പലത്തറ വെളളൂടയിൽ പുലിയിറങ്ങി പശുവിനെ കൊന്നു
അമ്പലത്തറ : മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം മടിക്കൈ, പഞ്ചായത്തിലെ വെള്ളൂടയിൽ പുലിയിറങ്ങി. തൊഴുത്തിൽ കയറിയ പുലി ഇടത്തരം വളർച്ചയെത്തിയ പശുക്കുട്ടിയെ കടിച്ചുകൊണ്ടുപോയി കൊന്നു തിന്നു. മടിക്കൈ പഞ്ചായത്തിലെ പ്രമുഖ ക്ഷീര കർഷകനായ സുരേഷിന്റെ തൊഴുത്തിലാണ് പുലി എത്തിയത്. തൊഴുത്തിൽ ചെറുതും വലുതുമായി നാൽപ്പതോളം പശുക്കളുണ്ട്. പതിവുപോലെ ചൊവ്വാഴ്ച രാത്രി എഴുമണിക്ക് തീറ്റ നൽകാനായി സുരേഷ് തൊഴുത്തിൽ എത്തിയിരുന്നു. ആ സമയത്താണ് പശുക്കുട്ടിയെ കാണാതായ വിവരം അറിഞ്ഞത്. പരിസരത്തൊക്കെ നോക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. രാത്രി ആയതിനാൽ കൂടുതൽ തെരച്ചിൽ നടത്താതെ വീട്ടിലേയ്ക്ക് മടങ്ങി. ബുധനാഴ്ച രാവിലെ വ്യാപകമായി തെരച്ചിൽ നടത്തിയപ്പോഴാണ് സമീപത്തെ കാട്ടിനകത്ത് പശുക്കുട്ടിയെ കൊന്ന് പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പശുക്കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയ വഴിയിലൂടെ പോയി നോക്കിയപ്പോഴാണ് ജഡം കണ്ടെത്തിയത്. വിവരമറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തി. മൂന്നുമാസങ്ങൾക്കു മുമ്പു വരെ പുലിയുടെ സാന്നിധ്യം ഉണ്ടായ പ്രദേശമാണ് വെള്ളൂട. പത്തു വർഷങ്ങൾക്ക് മുമ്പ് പ്രദേശത്ത് പുലി സാന്നിധ്യം സജീവമായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. അന്ന് വനം വകുപ്പിന്റെ നേതൃത്വത്തിൽ കൂടുവച്ച് പുലിയെ പിടികൂടിയിരുന്നതായി കൂട്ടിച്ചേർത്തു.
No comments