വാഹനാപകടത്തിൽ മരണപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവർ പുങ്ങംചാൽ കൊടിയങ്കുണ്ട് ഉന്നതിയിലെ സി.രാജുവിന് നാടിന്റെ യാത്രാമൊഴി..
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ടിൽ പോലീസ് വാഹനം ഇടിച്ചു മരിച്ച ഓട്ടോ റിക്ഷാ ഡ്രൈവർ പുങ്ങംചാൽ കൊടിയങ്കുണ്ട് ഉന്നതിയിലെ സി. രാജുവിന് നാടിന്റെ യാത്രാമൊഴി..
മലയോരത്ത് അറിയപ്പെടുന്ന ഗായകനും നാടൻപ്പാട്ട് കലാകാരനും കൂടിയാണ് രാജു. കാരുണ്യയാത്രകളിലും കല്യാണവീടുകളിലും ഉത്സവ പരിപാടികളിലും പാടി ആളുകൾക്ക് ഇടയിൽ ജനപ്രീതി നേടിയ രാജു വ്യാഴാഴ്ച രാത്രിയാണ് വെള്ളരിക്കുണ്ട് മങ്കയത്ത് അപകടത്തിൽ പെട്ടത്. രാജു ഓടിച്ച ഓട്ടോ റിക്ഷയിൽ പോലീസ് ജീപ്പ് ഇടിക്കുകയായിരുന്നു.. ഗുരുതരമായി പരിക്ക് പറ്റിയ രാജു സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു..
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ പുങ്ങംചാലിൽ എത്തിച്ചു. പ്രിയദർശനി സാംസ്‌കാരിക കേന്ദ്രത്തിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിൽ നാടിന്റെ നാനാഭാഗത്തുനിന്നായി നിരവധി പേരാണ് ആന്ത്യജലി അർപ്പിക്കുവാൻ എത്തിയത്.
തുടർന്ന് വിലാപയാത്രയായി വീട്ടിലേക്ക് എത്തിച്ചു മൃതദേഹം മൂന്ന് മണിയോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു..
ഓട്ടോറിക്ഷ ഡ്രൈവറായും ,തെങ്ങുകയറ്റ തൊഴിലാളിയായും ജോലിചെയ്തിരുന്ന രാജു നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു.
പരേതനായ രാരീരംവീട്ടിൽ ചിങ്കത്തിന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: സരിത. മക്കൾ: സൗരവ് (മാലോത്ത് കസബ സ്കൂൾ വിദ്യാർഥി), സൗപർണിക രാജു (പ്ലാച്ചിക്കര എ.യു.പി. സ്കൂൾ). സഹോദരങ്ങൾ: ചന്ദ്രൻ, പദ്മിനി, ബാലാമണി, ജയ.
No comments