Breaking News

വാഹനാപകടത്തിൽ മരിച്ച പ്രതിശ്രുതവരന് അരികിൽ തന്നെയും സംസ്ക്കരിക്കണമെന്ന പ്രതിശ്രുത വധുവിന്റെ അന്ത്യാഭിലാഷം നിറവേറ്റി പിതാവും കുടുംബവും


കാസർകോട്: വാഹനാപകടത്തിൽ മരിച്ച പ്രതിശ്രുതവരനു അരികിൽ തന്നെയും സംസ്ക്കരിക്കണമെന്ന പ്രതിശ്രുത വധുവിന്റെ അന്ത്യാഭിലാഷം നിറവേറ്റി പിതാവും കുടുംബവും. കഴിഞ്ഞ ദിവസം കുമ്പള, പൊലീസ് സ്റ്റേഷൻ പരിധിയിലെ കിദൂർ, കുണ്ടങ്കേരടുക്കയിലെ വീട്ടിൽ ജീവനൊടുക്കിയനിലയിൽ കാണപ്പെട്ട പ്രതി ശ്രുതവധു പ്രഫുല്ല (26)യുടെ മൃതദേഹം തമിഴ്നാട്, തിരുനെൽവേലി, വള്ളിയൂർ ഗ്രാമത്തിൽ സംസ്ക്കരിച്ചു. ബാങ്കു ജീവനക്കാനായ തിരുനെൽവേലി സ്വദേശി മണിയും പ്രഫുല്ലയും തമ്മിലുള്ള വിവാഹ നിശ്ചയം നാലു മാസം മുമ്പാണ് നടന്നത്. മഴക്കാലം കഴിഞ്ഞ ശേഷം വിവാഹം നടത്താനായിരുന്നു ഇരുവരുടെയും വീട്ടുകാരുടെ തീരുമാനം. കല്യാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയതിരുന്നു. ഇതിനിടയിലാണ് ഒരു മാസം മുമ്പ് ഉണ്ടായ ബൈക്കപകടത്തിൽ മണിക്ക് ഗുരുതരമായി പരിക്കേറ്റത്. ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന മണി പത്തു ദിവസം മുമ്പ് മരണപ്പെട്ടു. മണിയുടെ സംസ്ക്കാരചടങ്ങിൽ പ്രതിശ്രുത വധുവായ പ്രഫുല്ലയും കുടുംബവും പങ്കെടുത്തിരുന്നു. നാട്ടിൽ തിരിച്ചെത്തിയതിനു ശേഷം പ്രഫുല്ല ദുഃഖിതയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രഫുല്ലയെ ഞായറാഴ്ച വൈകുന്നേരത്തോടെ വീട്ടിനകത്ത് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തു നിന്നു പ്രഫുല്ല എഴുതിയ ആത്മഹത്യാകുറിപ്പും കണ്ടെടുത്തിരുന്നു. 'തന്റെ മൃതദേഹം പ്രതിശ്രുത വരനായ മണിയുടെ അരികിൽ സംസ്ക്കരിക്കണമെന്നാണ് ആത്മ 1 ഹത്യാകുറിപ്പിൽ പറഞ്ഞിരുന്നത്. ഇക്കാര്യം പ്രഫുല്ലയുടെ വീട്ടുകാർ മണിയുടെ വീട്ടുകാരെ അറിയിച്ചു. ഇരു കുടുംബക്കാരും പ്രതിശ്രുത വധുവിന്റെ അന്ത്യാഭിലാഷം സഫലമാക്കാൻ തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ആംബുലൻസിൽ തമിഴ്നാട്ടിലെ മണിയുടെ നാട്ടിൽ എത്തിക്കുകയായിരുന്നു. പിതാവ് ജയാനന്ദ, സഹോദരൻ പ്രമോദ്, മുൻ പഞ്ചായത്തംഗം രവിരാജ്, ബന്ധുവായ ലോകേഷ് എന്നിവർ മൃതദേഹത്തെ അനുഗമിച്ചു. ആചാരപരമായ ചടങ്ങുകളോടെയാണ് മണിയുടെ കുഴിമാടത്തിനരികിൽ പ്രഫുല്ലയെയും സംസ്കരിച്ചത്. ചടങ്ങിൽ പങ്കെടുത്തവരെയെല്ലാം കണ്ണീരണിയിച്ചു കൊണ്ടാണ് പ്രഫുല്ല ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക് യാത്രയായത്.

No comments