Breaking News

​മാപ്പിളപ്പാട്ട് സുൽത്താൻ അഷറഫ് പയ്യന്നൂരിന് അറുപതിന്റെ നിറവ്; മലബാർ കലാസാംസ്കാരിക വേദി ആദരിച്ചു


കാസർഗോഡ്: മാപ്പിളപ്പാട്ട് ലോകത്തെ ജനപ്രിയ ഗായകൻ അഷറഫ് പയ്യന്നൂർ അറുപതാം ജന്മദിനത്തിന്റെ നിറവിൽ. മലബാർ കലാസാംസ്കാരിക വേദിയുടെ മുൻ പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന്റെ ജന്മദിനം സംഘടനയുടെ നേതൃത്വത്തിൽ ഹൃദ്യമായി ആഘോഷിച്ചു.

​"കത്തുന്ന കർബല", "പാടി ബിലാലെന്ന പൂങ്കുയിൽ" തുടങ്ങി മലയാളികൾ നെഞ്ചേറ്റിയ നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മാപ്പിളപ്പാട്ട് കലയെ ജനകീയമാക്കിയ പ്രതിഭയാണ് അദ്ദേഹം. സ്വദേശത്തും വിദേശത്തുമായി ആയിരക്കണക്കിന് വേദികളിൽ തന്റെ ശബ്ദം എത്തിച്ച അദ്ദേഹത്തിന് കലാപ്രവർത്തനങ്ങൾക്കായി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

​ജന്മദിനത്തോടനുബന്ധിച്ച് മലബാർ കലാസാംസ്കാരിക വേദി പ്രവർത്തകർ അഷറഫ് പയ്യന്നൂരിന്റെ വസതിയിലെത്തി കേക്ക് മുറിച്ച് മധുരം പങ്കുവെക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം പാട്ടുപാടിയും കുശലം പറഞ്ഞും ഏറെ നേരം ചെലവഴിച്ച പ്രവർത്തകർ ഗായകന് ഹൃദ്യമായൊരു ജന്മദിനാനുഭവമാണ് സമ്മാനിച്ചത്.

​ജനറൽ സെക്രട്ടറി അസീസ് ട്രെൻഡ്, ട്രഷറർ അബൂബക്കർ ആയക്കടവ്, ഭാരവാഹികളായ റിയാസ് നായന്മാർമൂല, അമീർ പോപ്പി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രമുഖ ഗായികയും അഷറഫ് പയ്യന്നൂരിന്റെ ഭാര്യയുമായ താഹിറ അഷറഫും ചടങ്ങിൽ സന്നിഹിതയായിരുന്നു.

No comments