കാറഡുക്ക കർമ്മന്തൊടിയിൽ യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: കാറഡുക്ക, പഞ്ചായത്തിലെ കർമ്മന്തൊടി, മൂടാംകുളത്ത് യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാഗാലാന്റിൽ സൈനികനായ രാജേഷ് കുമാറിന്റെ ഭാര്യ സൗപർണ്ണിക (40)യാണ് ജീവനൊടുക്കിയത്. പുതുതായി പണിത വീടിന്റെ ഗൃഹപ്രവേശന കർമ്മം ഒരു മാസം മുമ്പാണ് നടന്നത്. പ്രസ്തുത ചടങ്ങിനെത്തിയ രാജേഷ് ജോലി സ്ഥലത്തേക്ക് തിരികെ പോയതായിരുന്നു. ഇന്ന് (ശനി) രാവിലെയാണ് സൗപർണ്ണികയെ വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിൽ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ താഴെയിറക്കി മുള്ളേരിയയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മുളിയാർ, പാത്തനടുക്കം സ്വദേശിനിയായ സൗപർണ്ണികക്ക് രണ്ടു മക്കളുണ്ട്. ആദൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റു മോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. വിവരമറിഞ്ഞ് ഭർത്താവ് രാജേഷ് കുമാർ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
No comments