Breaking News

അവയവദാനത്തിനായി വ്യാജ രേഖകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ സംഘത്തിന് നേതൃത്വം നൽകുന്നത് കാസർകോട് സ്വദേശി


കാസർകോട്: അവയവദാനത്തിനായി വ്യാജ രേഖകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. തട്ടിപ്പു സംഘത്തിനു നേതൃത്വം നൽകുന്ന കാസർകോട് സ്വദേശിയെയും ഭാര്യയെയും തെരയുന്നു. കൊച്ചി, കുന്നത്തുനാട് സ്വദേശിയും സൺ കമ്മ്യൂണിക്കേഷൻസ് ഉടമ സണ്ണി വർഗീസ്, ഭാര്യ സിനി വർഗീസ് എന്നിവരെയാണ് കുന്നത്തുനാട് പൊലിസ് അറസ്റ്റു ചെയ്തത്. ഇവരുടെ സ്ഥാപനത്തിൽ പൊലീസ് റെയ്ഡ് നടത്തി. എംപിമാർ, എംഎൽഎമാർ എന്നിവരുടെ നിരവധി വ്യാജ ശുപാർശകത്തുകൾ കണ്ടെടുത്തു. കാസർകോട് ജില്ലയിലെ മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മുഹമ്മദ് നജീബ് ആണ് കേസിലെ മുഖ്യപ്രതി. ഇയാളുടെ ഭാര്യക്കും തട്ടിപ്പിൽ പങ്കുള്ളതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ദമ്പതികളാണ് ഇരകളെ വലയിൽ വീഴ്ത്തുന്നത്. തട്ടിപ്പിന് ആവശ്യമായ വ്യാജ രേഖകൾ നിർമ്മിച്ചുനൽകിയിരുന്നത് സണ്ണി വർഗീസും ഭാര്യ സിനിയുമായിരുന്നു. ഇവരുടെ സ്ഥാപനത്തിൽ നിന്നു സ്വകാര്യ ആശുപത്രികളുടെ ബ്ലാങ്ക് ലെറ്റർപാഡ്, വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർമ്മിക്കുന്നതിനുള്ള വ്യാജ രേഖകൾ, മെഡിക്കൽ ലാബുകളുടെ വ്യാജ ലെറ്റർ പാഡുകൾ എന്നിവയും കണ്ടെടുത്തു. അറസ്റ്റിലായവരും മുഖ്യപ്രതികളും തമ്മിൽ വാട്സ്ആപ്പിൽ നടത്തിയ സന്ദേശങ്ങളും പൊലീസ് കണ്ടെത്തി. കൂടുതൽ അന്വേഷണത്തിനായി പൊലീസ് ഉടൻ കാസർകോട്ടേക്ക് എത്തുമെന്നാണ് സൂചന.

No comments