ഓടിക്കൊണ്ടിരിക്കുന്ന കാറിന് നേരെ കാട്ടുപന്നിയുടെ ആക്രമണം ; കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു മൂന്നാംമൈൽ പെരൂറിലാണ് സംഭവം
മൂന്നാംമൈൽ: ഓടിക്കൊണ്ടിരിക്കുന്ന കാറിലിടിച്ച കൂറ്റൻ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം രാത്രി മൂന്നാംമൈൽ പെരൂറിലാണ് പറക്കളായി നേരംകാണാതടുക്കത്തെ കെ.രാഘവനും കുടുംബവും സഞ്ചരിച്ച കാറിൽ കാട്ടുപന്നിയിടിച്ചത്. പന്നി ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചുമാറ്റിയെങ്കിലും കാറിന്റെ മുൻഭാഗത്ത് ഇടിച്ച പന്നി ഓടിപ്പോകുകയായിരുന്നു. കാറിന് കേടുപാടുകൾ പറ്റി. കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു രാഘവനും കുടുംബവും. പിതാവ് കുഞ്ഞിരാമൻ, ഭാര്യ അംബിക, മക്കളായ ശിവനന്ദന, ഋഷിറാം എന്നിവരും കാറിലുണ്ടായിരുന്നു. റോഡിന്റെ ഒരു വശത്ത് കുഴിയും നിറയെ കാടുകളുമാണ്. വെട്ടിക്കുന്നതിനിടെ കാർ കുഴിയിൽ പതിക്കാത്തത് ഭാഗ്യമായെന്ന് രാഘവൻ പറഞ്ഞു.
പ്രദേശത്ത് കാട്ടുപന്നി ശല്യം വ്യാപകമാണെങ്കിലും പ്രത്യേക അധികാരം ഉപയോഗിച്ച് പന്നികളെ വെടിവെച്ച് കൊല്ലാനുള്ള നടപടി ഇതുവരെ പഞ്ചായത്തിൽ നിന്ന് ഉണ്ടായിട്ടില്ലെന്നു നാട്ടുകാർ പറഞ്ഞു.
No comments