ഒന്നര നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന നർക്കിലക്കാട് മൗവ്വേനി കൂലോത്തെ കോയിക്കൽ മമ്മദ് തെയ്യം (കലന്തർ മുക്രി) ക്ഷേത്രമുറ്റത്ത് കെട്ടിയാടി
ഭീമനടി : ഒന്നര നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന മൗവ്വേനി കൂലോത്തെ കോയിക്കൽ മമ്മദ് തെയ്യം (കലന്തർ മുക്രി) ക്ഷേത്രമുറ്റത്ത് നിറഞ്ഞാടി. മേടം 28നാണ് അള്ളട സ്വരൂപത്തിന്റെ കീഴിലുള്ള നീലേശ്വരം രാജകുടുംബത്തിന്റെ അധീനതയിലുള്ള മൗവ്വേനി കൂലോത്ത് കളിയാട്ടം. ഇവിടെ കെട്ടിയാടുന്ന നിരവധിയായ തെയ്യക്കോലങ്ങൾക്കൊപ്പം തുല്യപ്രാധാന്യത്തോടെയാണ് മമ്മദ് തെയ്യത്തിനും സ്ഥാനം. മലചാമുണ്ഡിക്കൊപ്പമാണ് മമ്മദ് തെയ്യത്തിന്റെ അരങ്ങേറ്റം.
പച്ചകയലിമുണ്ടും, വെള്ളനിറത്തിലെ ജുബ്ബയും, ചുവന്ന തലയിൽ കെട്ടും, താടിയുമാണ് വേഷം. ഇരിക്കൂറിൽനിന്ന് കൂപ്പിൽ മരം മുറിക്കാനെത്തിയ കോയിക്കൽ മമ്മദ് എന്ന കലന്തർമുക്രി മലചാമുണ്ഡിയുടെ ആരൂഡസ്ഥാനമായ വള്ളിമല കോട്ടയിലെ കിഴക്കൻ കാവിലെ മരം മുറിക്കരുതെന്ന നാട്ട് മൂപ്പന്റെ വിലക്ക് ലംഘിച്ച് ഒരു വെള്ളിയാഴ്ച മരം മുറിക്കുകയും കോപാകുലയായ മലചാമുണ്ഡി മരം വീഴ്ത്തി മമ്മദിനെ കൊന്നു. പിന്നീട് ദൈവക്കരുവാക്കി ഒപ്പം കൂട്ടിയന്നെമാണ് ഐതീഹ്യം.
കോയിക്കൽ മമ്മദ് തെയ്യത്തിന് നിസ്കാരത്തട്ടും, മെതിയടിയും മൗവ്വേനിയിലെ പുരാതന മുസ്ലീം കുടുംബമായ മിയാനത്ത് കുടുംബമാണ് നൽകേണ്ടത്. ക്ഷേത്രമുറ്റത്ത് ബാങ്കുവിളിയും നിസ്കാരവും കഴിഞ്ഞാൽ മിയാനത്ത് കുടുംബത്തിലെ ആളുകൾ നേർച്ചയായി കോഴി, വെറ്റില, അടക്ക, കാണിക്ക, പുകയില എന്നിവ സമർപ്പിക്കണം. ഇത് ഉപയോഗിച്ച് തെയ്യത്തിന്റെ നേർച്ച വിളമ്പിക്കഴിഞ്ഞാൽ മിയാനത്ത് തറവാട്ടിൽ നേർച്ച കഴിക്കാനുള്ള കോഴിയെ തെയ്യം കുടുംബക്കാർക്ക് നൽകും. അത് അവരുടെ കുടുംബത്തിൽ നേർച്ച കഴിക്കണം.. മാവില സമുദായത്തിൽ പെട്ടവരാണ് ഇവിടെ കോലധാരികൾ.
No comments