Breaking News

പള്ളിക്കര പൂച്ചക്കാട്ടെ വീട്ടിൽ നിന്നു 45 പവൻ സ്വർണ്ണവും അരലക്ഷം രൂപയും കവർന്ന കേസിലെ മുഖ്യപ്രതി ഷോർണൂരിൽ പിടിയിലായി


പള്ളിക്കര : ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിക്കര, പൂച്ചക്കാട്ടെ വീട്ടിൽ നിന്നു 45 പവൻ സ്വർണ്ണവും അരലക്ഷം രൂപയും കവർന്ന കേസിലെ മുഖ്യപ്രതി ഷോർണൂരിൽ പിടിയിലായി. തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി രാജൻ എന്ന അണ്ണാച്ചി രാജൻ (35) ആണ് ഷോർണൂർ പൊലീസിന്റെ പിടിയിലായത്. ഏതാനും ദിവസം മുമ്പ് ഷോർണൂർ മുതലിയാർ തെരുവിലെ ഒരു വീട്ടിൽ നിന്നു 20 പവൻ സ്വർണ്ണം കവർച്ച പോയിരുന്നു. പ്രസ്തുത കേസിന്റെ അന്വേഷണം തുടരുന്നതിനിടയിലാണ് അണ്ണാച്ചി രാജൻ നാടകീയമായി പിടിയിലായത്. കവർച്ചാ മുതലുകൾ വിൽക്കാനുള്ള ശ്രമം നടത്തുന്നതായി വിവരം ലഭിച്ച പൊലിസ് കാത്തിരുന്നാണ് മോഷ്ടാവിനെ പിടികൂടിയതെന്നാണ് സൂചന. ഷോർണൂരിലെ കേസിൽ പ്രതിയെ അറസ്റ്റു ചെയ്തു. പൂച്ചക്കാട്, അരയാൽത്തറയിലെ അബ്ദുൽ മജീദിന്റെ വീട്ടിൽ നിന്നു സ്വർണ്ണവും പണവും കവർന്ന കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. മെയ് എട്ടിനും 9നും ഇടയിലുള്ള സമയത്താണ് ഇരുനില വീട്ടിൽ കവർച്ച നടന്നത്. അറസ്റ്റിലായ അണ്ണാച്ചി രാജനെതിരെ കേരളത്തിലും കർണ്ണാടകയിലുമായി 30 വോളം കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. കേരളത്തിൽ കാഞ്ഞങ്ങാട്, നീലേശ്വരം, പയ്യന്നൂർ, വടകര എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ കേസുണ്ട്.

No comments