Breaking News

പാണത്തൂരിൽ സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു


പാണത്തൂർ: പനത്തടി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ 'മെമ്പർ കെയർ' പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ആദ്യഘട്ട സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം പാണത്തൂർ വ്യാപാര ഭവനിൽ വെച്ച് നടന്നു. പനത്തടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ഒൻപതാം വാർഡ് മെമ്പറുമായ കെ.ജെ ജെയിംസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡിലെ 250 ഓളം ഒന്നാം ക്ലാസ് മുതൽ 10 -ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് നോട്ട്ബുക്കുകളും പഠനോപകരണങ്ങളും വിതരണം നടത്തി.

വാർഡിലെ കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനും ഭയമില്ലാതെ പരീക്ഷകളെ നേരിടുന്നതിനുമായി വിവിധ തലങ്ങളിൽ മോട്ടിവേഷൻ ക്ലാസുകൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കുട്ടികൾക്ക് ആവശ്യമായ നോട്ടുബുക്കുകളും പഠനോപകരണങ്ങളും സ്കൂൾ ബാഗുകളും തുടർന്നും നൽകുമെന്നും വാർഡ് മെമ്പർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ എ.ഡി.എസ് (ADS) പ്രസിഡന്റ് കാവ്യ അനീഷ് അധ്യക്ഷത വഹിച്ചു. കാട്ടൂർ മധു ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. മറ്റ് വാർഡ് മെമ്പർമാർക്കും മാതൃകയാക്കാവുന്ന തരത്തിലുള്ള മികച്ച പ്രവർത്തനങ്ങളാണ് കെ.ജെ ജെയിംസ് മെമ്പർ വാർഡിൽ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എ.ഡി.എസ് സെക്രട്ടറി രേഷ്മ സ്വാഗതവും, എ.ഡി.എസ് കമ്മറ്റിയംഗം സുമതി ഭാസ്കരൻ നന്ദിയും പറഞ്ഞു.


No comments