Breaking News

പെൻഷൻ മണിയോർഡർ എത്തിക്കാൻ വൈകിയതിന് 12 വർഷത്തെ സസ്പെൻഷൻ; സത്യഗ്രഹവുമായി പോസ്റ്റ്മാൻ...


കാസർകോട് : പെൻഷൻ മണിയോർഡർ എത്തിക്കാൻ വൈകിയെന്ന കാരണമുന്നയിച്ച് സർവീസിൽനിന്ന് 12 വർഷം മുൻപു മാറ്റിനിർത്തിയ പോസ്റ്റ്മാൻ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ സത്യഗ്രഹം നടത്തി. ചേരൂരിലെ പോസ്റ്റ്മാൻ ആയിരുന്ന പെരുമ്പള ആമ്പിലാടി ഹൗസിൽ എൻ.ദാമോദരനാണ് ഏകദിന സത്യഗ്രഹം നടത്തിയത്. 60 വയസ്സ് തികയാൻ ഒരുമാസം ശേഷിക്കെ ഈ ആവശ്യമുന്നയിച്ച് ഇതാദ്യമായാണ് ഏകാംഗ സമരത്തിനിറങ്ങിയത്. പെൻഷൻ മണിയോർഡർ വൈകിയതുമായി ബന്ധപ്പെട്ടു പരാതി നൽകിയതായി പറയപ്പെടുന്ന വ്യക്തിയുടെ വീട്ടിൽ മണിയോർഡർ കൊടുക്കാൻ രണ്ടുതവണ പോയിരുന്നുവെന്നും ആളില്ലാത്തതിനാൽ മടങ്ങിയെന്നുവെന്നാണു ദാമോദരൻ പറയുന്നത്. മൂന്നാമത്തെ ദിവസം ചേരൂർ ഭാഗങ്ങളിൽ കൂടുതൽ തപാൽ ഉരുപ്പടികളെത്തിക്കാൻ ഉണ്ടായിരുന്നതിനാൽ പിന്നീടുള്ള രണ്ടുദിവസം പോയില്ല. രണ്ടുദിവസം കഴിഞ്ഞു നേരിട്ടുനൽകി. ഇതു നൽകുന്നതിനു രണ്ടുദിവസം മുൻപു മണിയോർഡർ അന്വേഷിച്ച് അവർ പോസ്റ്റ് ഓഫിസിൽ എത്തിയിരുന്നു. അന്നേരം താൻ ഉണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്ന പോസ്റ്റ്മാസ്റ്റർ പെൻഷൻ മണിയോർഡർ കിട്ടാൻ അപേക്ഷ തയാറാക്കി നൽകാൻ ആവശ്യപ്പെട്ടു. അതാണ് പിന്നീടു പരാതിയായി മാറിയത്. താൻ കൊടുത്തത് പരാതിയല്ലെന്നും പെൻഷൻ മണിയോർഡർ കിട്ടാനുള്ള അപേക്ഷയാണെന്നും മണിയോർഡർ ഗുണഭോക്താവ് കാസർകോട് പോസ്റ്റൽ സൂപ്രണ്ടിനു രേഖാമൂലം കത്തു നൽകിയിരുന്നതായി ദാമോദരൻ പറഞ്ഞു.

No comments