കൊടും വേനലിലും തെളിനീരൊഴുക്കുന്ന ശുദ്ധജല സ്രോതസ്സായ സുരങ്കങ്ങൾക്ക് ബദലായി മലയോര ഗ്രാമങ്ങളിൽ അഡ്ഡബോറുകൾ വ്യാപകമാവുന്നു
ഉദുമ : കൊടും വേനലിലും തെളിനീരൊഴുക്കുന്ന ശുദ്ധജല സ്രോതസ്സായ സുരങ്കങ്ങൾക്ക് ബദലായി മലയോര ഗ്രാമങ്ങളിൽ അഡ്ഡബോറുകൾ വ്യാപകമാവുന്നു. കുടിവെള്ളം മുട്ടുന്പോൾ പണ്ട് സുരങ്കങ്ങൾ നിർമിക്കുകയാണ് പതിവ്. എന്നാൽ ഈ വേനൽക്കാലത്ത് കൈക്കോട്ടും പിക്കാസും ഉപയോഗിച്ച് മാസങ്ങളോളം പണിയെടുത്തല്ല നീരുറവ കണ്ടെത്തിയത്. അഡ്ഡബോർ എന്ന കുഞ്ഞൻ യന്ത്രത്തിന്റെ മാജിക്കാണ് തുണയാകുന്നത്. സുരങ്ക നിർമാണത്തിലെ വിസ്മയമായിരുന്ന ബീംബുങ്കാലിലെ പരേതനായ സി കുഞ്ഞമ്പുവിന്റെ മകൻ രതീഷ് കുമാറാണ് അച്ഛന്റെ സ്മരണകൾ തുടിക്കുന്ന മണ്ണിൽ ജലസമൃദ്ധിയുടെ പുതിയ വഴി തെളിക്കുന്നത്. കന്നഡയിൽ വിലങ്ങനെയുള്ള കുഴൽക്കിണർ എന്നാണ് അഡ്ഡബോർ എന്ന വാക്കിനർഥം. സാധാരണ കുഴൽക്കിണറുകൾ ഭൂമിയുടെ ആഴങ്ങളിലേക്ക് കുത്തനെ തുരന്ന് വെള്ളം ഊറ്റിയെടുക്കുമ്പോൾ അഡ്ഡബോറുകൾ കുന്നിൻ ചരിവുകളിലൂടെയോ കിണറുകളുടെ പാർശ്വഭാഗങ്ങളിലൂടെയോ ഭൂമിക്ക് സമാന്തരമായി തുരന്നാണ് നിർമിക്കുന്നത്. ഭൂമിയുടെ മടിത്തട്ടിൽ ഒളിഞ്ഞിരിക്കുന്ന സ്വാഭാവിക നീരുറവ കണ്ടെത്തുന്നു എന്നതാണ് ഇതിന്റെ സവിശേഷത.1500 തുരങ്കങ്ങൾ നിർമിച്ച് യുനിസെഫിന്റെ പൈതൃകപ്പട്ടികയിൽ ഇടംനേടുകയും കർണാടകയിലെ ബിദർ തുരങ്കങ്ങളുടെ പുനർനിർമാണത്തിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തയാളാണ് കുഞ്ഞന്പു. നീരുറവയുടെ കൃത്യമായ സ്ഥാനം കണ്ടെത്തിയിരുന്ന കുഞ്ഞമ്പുവിനെ തേടി ദൂരെദിക്കുകളിൽനിന്നും ആളുകൾ എത്തിത്തുടങ്ങിയതോടെ രതീഷും അച്ഛന്റെ പാത പിന്തുടരുകയായിരുന്നു. കർണാടകയിലെയും രാജസ്ഥാനിലെയും രീതികൾ പഠിച്ചശേഷം കുണ്ടംകുഴി നീർക്കയത്ത് രതീഷ് ആദ്യം പരീക്ഷണം വിജയിപ്പിച്ചു. സാധാരണ സുരങ്കം നിർമിക്കാൻ ലക്ഷങ്ങൾ വേണമെങ്കിൽ അഡ്ഡബോറിന് ഇതിന്റെ നാലിലൊന്ന് ചിലവ് മതി. ഒന്നുരണ്ട് ദിവസങ്ങൾക്കുള്ളിൽ നിർമാണം പൂർത്തിയാകും. കുന്നിൻ ചരിവുകളിൽ നിർമിക്കുന്ന സുരങ്കങ്ങളിൽനിന്ന് സ്വാഭാവികമായ മർദം കാരണം വെള്ളം തനിയെ പുറത്തേക്ക് ഒഴുകും. വലിയ യന്ത്രങ്ങളോ വൈദ്യുതിയോ ആവശ്യമില്ല. ഒരു പിക്കപ്പ് വാനിൽ കൊണ്ടുപോകാവുന്ന പോർട്ടബിൾ യൂണിറ്റ് ഉപയോഗിച്ച് എവിടെയും നിർമിക്കാം. കരിങ്കല്ലുകൾ തുരക്കാനാകില്ലെന്നതാണ് പോരായ്മ. മണ്ണും ചെങ്കൽപ്പാറകളുമുള്ള ഇടങ്ങളിൽ ഇതേറെ ഫലപ്രദം. ഒന്നര ഇഞ്ച് വ്യാസമുള്ള പിവിസി പൈപ്പുകളിലൂടെ പുറത്തേക്കൊഴുകുന്ന തെളിനീർ വേനലിൽ വലയുന്നവർക്ക് വലിയ പ്രതീക്ഷയാണ്. ഇതിനകം 50 അഡ്ഡബോർ രതീഷും സംഘവും നിർമിച്ചു. പരമ്പരാഗത അറിവും ആധുനിക യന്ത്രസാമഗ്രികളും കൈകോർത്തപ്പോൾ മലയോരത്ത് ജലദൗർലഭ്യത്തിന് പരിഹാരം തെളിയുകയാണ്.
No comments