തമിഴ്നാട്ടിൽനിന്നെത്തി ഫുൾ എ പ്ലസ് നേടി കരിഷ്മ.. പിലിക്കോട് സി.കെ.എൻ.എസ് ജി.എച്ച്.എസ്.എസ്. വിദ്യാർഥിനിയാണ്
തൃക്കരിപ്പൂർ : പ്രതിസന്ധികളിൽ തളരാതെ കരിഷ്മ മുന്നേറിയപ്പോൾ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസിന്റെ തിളക്കം. മാതൃഭാഷ തമിഴായിട്ടും ജീവിതസാഹചര്യങ്ങൾ വെല്ലുവിളി ഉയർത്തിയിട്ടും കരിഷ്മ പതറിയില്ല. ഹ്യുമാനിറ്റീസ് ഗ്രൂപ്പിലാണ് നേട്ടം. 1200-ൽ 1174 മാർക്കാണ് ഈ കൊച്ചുമിടുക്കി സ്വന്തമാക്കിയത്. പിലിക്കോട് സി.കെ.എൻ.എസ്. ജി.എച്ച്.എസ്.എസ്. വിദ്യാർഥിനിയാണ്. 10 ാം ക്ലാസിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയത്. ബിരുദപഠനത്തിനുശേഷം സിവിൽ സർവീസ് പരിശീലനത്തിന് തയ്യാറെടുക്കാനാണ് ആഗ്രഹമെന്ന് കരിഷ്മ പറഞ്ഞു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ സിവിൽ സർവീസ് പരിശീലനത്തിനുള്ള തുക എങ്ങനെ കണ്ടെത്തും എന്ന ആധിയുമുണ്ട്. തമിഴ്നാട്ടിലെ തിരുനെൽവേലിയിലെ വടക്കുപുളിയമ്പട്ടി ഗ്രാമത്തിൽനിന്ന് 19 വർഷം മുൻപാണ് കരിഷ്മയുടെ അച്ഛൻ എം.ശരവണൻ ജില്ലയിലെത്തുന്നത്. ആക്രിക്കച്ചവടം നടത്തിക്കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് അദ്ദേഹം കുട്ടികളുടെ വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകുന്നത്. തൃക്കരിപ്പൂർ കൊയോങ്കരയിൽ വാടകയ്ക്കാണ് കുടുംബം താമസിക്കുന്നത്. എസ്.കാളീശ്വരിയാണ് അമ്മ. മാനസ, ശ്രീമാനസ് എന്നിവർസഹോദരങ്ങളാണ്.
No comments