"സത്യാഗ്രഹത്തിൻ്റെ കരിമരുന്ന് തണുക്കാതെ സൂക്ഷിക്കണം " കർഷക സത്യാഗ്രഹത്തിൻ്റെ അടുത്ത ഘട്ടം നീക്കങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് വെള്ളരിക്കുണ്ടിൽ കൺവൻഷൻ പ്രമുഖ ഗാന്ധിയൻ നേതാവായ കെ.വി.രാഘവൻ ഉത്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : കർഷകസ്വരാജ് സത്യാഗ്രഹസമിതി ഉയർത്തിപ്പിടിച്ച സത്യാഗ്രഹത്തിൻ്റെ കരിമരുന്ന് തണുത്തുപോകാതെ ജാഗ്രത പുലർത്തിയാൽ മാത്രമെ ജനതാൽപ്പര്യം സംരക്ഷിക്കപ്പെടുകയുള്ളു എന്ന് പ്രമുഖ ഗാന്ധിയൻ നേതാവായ കെ.വി.രാഘവൻ പ്രസ്താവിച്ചു. വന്യജീവികൾക്കു മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയർത്തി ആറുമാസത്തിലധികമായി വെള്ളരിക്കുണ്ടിലും പിന്നീട് ഈരാറ്റുപേട്ടയിലും നടന്ന സത്യാഗ്രഹത്തിൻ്റെ അടുത്ത ഘട്ടം നീക്കങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് വെള്ളരി കുണ്ടിൽ നടന്ന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ സംസ്ഥാന സർക്കാരിനുമുമ്പിൽ സത്യാഗ്രഹമുന്നയിച്ച ആവശ്യങ്ങൾ ഫലപ്രദമായി അവതരിപ്പിക്കാനുള്ള ആശയവിനിമയങ്ങളാരംഭിക്കുക, എല്ലാ ജില്ലകളിലും കൺവൻഷനുകൾ സംഘടിപ്പിക്കുക, സംസ്ഥാനത്ത് പെരുകിവരുന്നവന്യമൃഗ ആക്രമണങ്ങൾക്ക് സുസ്ഥിരവും ശാസ്ത്രീയവുമായ പരിഹാര നടപടികളെടുക്കാൻ സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും നിരവധി കാര്യങ്ങൾ പ്രായോഗികമായി ചെയ്യാനാവുമെന്ന വസ്തുത പൊതു സമൂഹത്തിൽ വ്യാപകമായി ചർച്ച ചെയ്യാനുള്ള വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, വന്യമൃഗ ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ പ്രാദേശിക സമിതികൾ രുപീകരിക്കുക തുടങ്ങിയവയാണ് അടുത്ത ഘട്ടം പ്രവർത്തനങ്ങളായി കൺവൻഷനിൽ നിർദ്ദേശിക്കപ്പെട്ടത്. ഇതുകൂടാതെ, 1972 ലെ വന്യജീവി സംരക്ഷണനിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് വന്യജീവി ആക്രമണങ്ങൾക്കിരയാവുന്ന വിവിധ സംസ്ഥാനങ്ങളിലെ കർഷക പ്രതിനിധികൾ പങ്കെടുക്കുന്ന ദേശീയ കൺവൻഷൻ ജൂലായ് 23 ന് തിരുവനന്തപുരത്ത് നടക്കുമെന്നും, കർഷകസ്വരാജ് സത്യാഗ്രഹസമിതി കൺവീനർ സണ്ണി പൈകട കൺവൻഷനിൻ വ്യക്തമാക്കി.
പുഴക്കര കുഞ്ഞിക്കണ്ണൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ബിൻസി ജയിൻ ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാജൻ പൈങ്ങോട്ട്, ഷൈലജ കൃഷ്ണൻ, ജെറ്റോ ജോസഫ്, ഷോണി കാരക്കാട് തുടങ്ങിയവർ സംസാരിച്ചു. ബേബി ചെമ്പരത്തി സ്വാഗതവും ജോസ് മണിയങ്ങാട്ട് കൃതജ്ഞതയും പറഞ്ഞു. വെള്ളരിക്കുണ്ട് സത്യാഗ്രഹ പന്തലിലെ നിത്യസാന്നിദ്ധ്യമായിരുന്ന കുര്യാച്ചൻ കാവുകാട്ടിൻ്റെ നിര്യാണത്തിൽ കൺവൻഷൻ അനുശോചനം രേഖപ്പെടുതുകയും ചെയ്തു.
No comments