Breaking News

സ്കൂട്ടറിൽ എത്തിയ സംഘം വഴി യാത്രക്കാരിയുടെ കഴുത്തിൽ നിന്നു രണ്ടേകാൽ പവൻ സ്വർണ്ണമാല പൊട്ടിച്ചെടുത്തു രക്ഷപ്പെട്ടു സംഭവം കാസർഗോഡ് പൈവളികയിൽ


കാസർകോട് : സ്കൂട്ടറിൽ എത്തിയ സംഘം വഴി യാത്രക്കാരിയുടെ കഴുത്തിൽ നിന്നു രണ്ടേകാൽ പവൻ സ്വർണ്ണമാല പൊട്ടിച്ചെടുത്തു രക്ഷപ്പെട്ടു. ഇന്നലെ (തിങ്കൾ) വൈകുന്നേരം മൂന്നേകാൽ മണിയോടെ ഹൊസങ്കടി ദേശീയ പാത സർവ്വീസ് റോഡിലാണ് സംഭവം. പൈവളിഗെ ബായിക്കട്ടയിലെ എ നയന (30)യുടെ സ്വർണ്ണമാലയാണ് നഷ്ടപ്പെട്ടത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഹൊസങ്കടി എസ്ബിഐ ബാങ്കിനു സമീപത്ത് സർവ്വീസ് റോഡരുകിലൂടെ നടന്നു പോവുകയായിരുന്ന യുവതിയോട് ഹെൽമെറ്റും മഴക്കോട്ടും ധരിച്ചിരുന്ന രണ്ടു പേർ വഴി ചോദിക്കുകയായിരുന്നു. വഴി ചൂണ്ടിക്കാണിച്ചു കൊടുക്കുന്നതിനിടയിൽ കഴുത്തിൽ നിന്നു രണ്ടേകാൽ പവൻ സ്വർണ്ണമാല പൊട്ടിച്ചെടുത്ത അക്രമികൾ സ്കൂട്ടറിൽ അതിവേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു. അക്രമികളെ കണ്ടെത്താൻ പൊലിസ് ദേശീയ പാതയിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ഇരുചക്ര വാഹനങ്ങളിലെത്തി വഴി യാത്രക്കാരികളുടെ കഴുത്തിൽ നിന്നു മാല പൊട്ടിച്ചോടുന്ന സംഘങ്ങൾ നേരത്തെ ജില്ലയിൽ സജീവമായിരുന്നു. അത്തരം സംഭവങ്ങളിലെല്ലാം പ്രതികളെ കണ്ടെത്തി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഒരു ഇടവേളക്ക് ശേഷമാണ് സമാന സംഭവം ഹൊസങ്കടിയിൽ ഉണ്ടായതെന്നു പൊലീസ് അധികൃതർ പറഞ്ഞു.

No comments