Breaking News

​വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച് സി.പി.ഐയിൽ ചേർന്നവർക്ക് പൂടങ്കല്ലിൽ ഊഷ്മള സ്വീകരണം


പൂടങ്കല്ല്: വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ (CPI) ചേർന്നവർക്ക് സി.പി.ഐ കള്ളാർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി. സതീഷ് ഇ.കെ (എലിക്കോട്ടുകയ), സനോജ് ആർ. (കൊള്ളിക്കൊച്ചി), പ്രദീപ് ജോർജ് (പാലംകല്ല്), സുലൈമാൻ കെ. (കോട്ടോടി), സതി കുമാരി (പൂടംകല്ല്), ധനേഷ് (കള്ളാർ) എന്നിവരെയാണ് പാർട്ടിയിലേക്ക് സ്വീകരിച്ചത്.

​പൈനിക്കര ജോയ്സ് ഹോംസ്റ്റേയിൽ വെച്ച് നടന്ന പാർട്ടി ജനറൽ ബോഡി യോഗത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി. ബാബു പുതിയ പ്രവർത്തകരെ ചുവപ്പുമാല അണിയിച്ച് ഔദ്യോഗികമായി പാർട്ടിയിലേക്ക് സ്വീകരിക്കുകയും യോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

​ഇടതുപക്ഷ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പാർട്ടിയെ ജനകീയ അടിത്തറയോടെ മുന്നോട്ട് നയിക്കാൻ പുതിയ പ്രവർത്തകരുടെ കടന്നുവരവ് കൂടുതൽ കരുത്തേകുമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. കർഷക വിരുദ്ധ നയങ്ങൾക്കെതിരെയും ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ചും സി.പി.ഐ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾ സംഘടിപ്പിക്കുമെന്നും സാധാരണക്കാരുടെയും കർഷകരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ പാർട്ടി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ചടങ്ങിൽ കള്ളാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. രത്നാകരൻ നമ്പ്യാർ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം എ. രാഘവൻ അധ്യക്ഷത വഹിച്ചു. പാർട്ടി വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റി സെക്രട്ടറി എൻ. പുഷ്പരാജ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം. കുമാരൻ (എക്സ്. എം.എൽ.എ), ജില്ലാ കമ്മിറ്റി അംഗം സുനിൽ മാടക്കൽ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു


No comments