നീലേശ്വരത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍; അരലക്ഷം രൂപയും കാറും പൊലിസ് കസ്റ്റഡിയില്‍
നീലേശ്വരം: കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പൊലിസ് പിടിയിലായി. കണ്ണൂര്‍ ചേലോറ കാപ്പാട്ട് സജിനാസില്‍ കെ.പി. അയൂബിന്റെ മകന്‍ കെ.പി. ഷാനീസിനെ (35) ആണ് നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ വെച്ച് പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് 1.8 ഗ്രാം എംഡിഎംഎ, 50,000 രൂപ, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കറുത്ത കാറും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി 9.40 ഓടെ നീലേശ്വരം ഇന്‍സ്‌പെക്ടര്‍ കെ. മുരളീധരന്റെ നിര്‍ദ്ദേശപ്രകാരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ പരിശോധന നടത്തുകയായിരുന്ന പൊലിസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്.
കാഞ്ഞങ്ങാട് ഭാഗത്തുനിന്നും വരികയായിരുന്ന KL 44 J 2882 നമ്പറിലുള്ള കാര്‍ പൊലിസിനെ കണ്ടതോടെ പെട്ടെന്ന് പിന്നോട്ടെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ പൊലിസ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ പൊലിസ് ജീപ്പ് കുറുകെയിട്ട് കാര്‍ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കാറിന്റെ ഡാഷ്ബോര്‍ഡില്‍ സിഗരറ്റ് പാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്.
മുന്‍പൊരു കേസിന്റെ ആവശ്യത്തിനായി കര്‍ണ്ണാടകയിലെ പുത്തൂര്‍ കോടതിയില്‍ പോയപ്പോള്‍ അവിടെ വെച്ച് കണ്ട് പരിചയപ്പെട്ട ആളാണ് തനിക്ക് മയക്കുമരുന്ന് തന്നതെന്നാണ് പിടിയിലായ ഷാനീസ് പൊലിസിന് നല്‍കിയ മൊഴി. മയക്കുമരുന്ന് പിടികൂടിയ സംഘത്തില്‍ എസ്‌ഐക്ക് പുറമേ എ എസ് ഐ രമേശന്‍ , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ്,ദിലീഷ് പള്ളിക്കൈക സുജിത്ത് കൂക്കോട്ട്, സുരേന്ദ്രന്‍ ,ഡ്രൈവര്‍ അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു പ്രതിയെ ഇന്ന് ഹൊദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് (രണ്ട് ) കോടതിയില്‍ ഹാജരാക്കും.
No comments