Breaking News

ജില്ലയിലെ വികസന പ്രവർത്തനങ്ങക്ക് പിന്തുണ ആവശ്യപ്പെട്ട് ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദർശിച്ചു


ജില്ലയിലെ വിവിധ വികസന പ്രവർത്തനങ്ങക്ക് പിന്തുണ ആവശ്യപ്പെട്ട് ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സന്ദർശിച്ചു. കാസറഗോഡ് ജില്ലയുടെ പിന്നോക്കാവസ്ഥ മറികടക്കാൻ പ്രഭാകരൻ കമ്മീഷൻ നിർദ്ദേശപ്രകാരമാണ് കാസറഗോഡിനായി പ്രത്യേക പാക്കേജ് കേരളസർക്കാർ ആവിഷ്‌കരിച്ചത്. എന്നാൽ വർധിച്ച് വരുന്ന ജില്ലയുടെ സാമൂഹിക സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കാൻ കാസറഗോഡ് വികസന പാക്കേജിൽ 100 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും അനുഭാവ പൂർവ്വം പരിഹരിക്കാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകുകയും ചെയ്തു. കൂടാതെ ജില്ലയുടെ വിവിധ ആവശ്യങ്ങൾ മന്ത്രിസഭയുടെ ശ്രദ്ധയിൽപ്പെടുത്തി. മഴക്കാല രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലാആശുപത്രി ഉൾപ്പെടെയുള്ള ജില്ലയിലെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ 143 ഡോക്ടർമാരുടെ കുറവ് ആണ് നിലനിൽക്കുന്നത്.ജില്ലാആശുപത്രിയിൽ ഫോറെൻസിക് സർജനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.ജില്ലയിലെ ആരോഗ്യരംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തിരമായി ജില്ലാതലത്തിൽ പ്രത്യേക യോഗം വിളിച്ചു ചേർക്കാം എന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ ഉറപ്പ് നൽകി. കൂടാതെ ജില്ലാപഞ്ചായത്തിന് കീഴിലുള്ള സീഡ് ഫാം വികസനം, ജില്ലയ്ക്ക് പുതിയ മണ്ണ് പരിശോധന കേന്ദ്രം അനുവദിക്കുക, ടാറ്റാ ഹോസ്പിറ്റൽ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി ആക്കി ഉയർത്താൻ മുൻ സർക്കാർ സ്വീകരിച്ച നടപടികൾ വേഗത്തിലാക്കുക , കൂടുതൽ റോഡുകൾ PWD ഏറ്റെടുത്ത് വികസിപ്പിക്കുക തുടങ്ങി ജില്ലയിലെ ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും പിന്തുണ ആവശ്യപ്പെടുകയും ചെയ്തു. വ്യവസായ രംഗത്ത് ജില്ലയുടെ സവിശേഷത പ്രയോജനപ്പെടുത്താൻ ഒപ്പം ഉണ്ടാകുമെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമായുള്ള കൂടിക്കാഴ്ചയിൽ ഉറപ്പ് നൽകി.ജില്ലയിലെ MLA മാരായ എ കെ എം അഷറഫ്, അഡ്വ ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കുമാരി സോയ, ജില്ലാപഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം മനു, ജില്ലാപഞ്ചായത്ത്‌ അംഗങ്ങളായ അസീസ് കളത്തൂർ, സോമശേഖര, പി ബി ഷഫീക് തുടങ്ങിയവർ നിവേദന സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

No comments