ചക്കകൊണ്ട് രുചിഭേദങ്ങളുടെ വൈവിധ്യം തീർത്ത് കള്ളാറിൽ ചക്കഫെസ്റ്റ്
രാജപുരം : ചക്കകൊണ്ട് രുചിഭേദങ്ങളുടെ വൈവിധ്യം തീർത്ത് കള്ളാറിൽ ചക്കഫെസ്റ്റ്. കള്ളാർ ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിലാണ് ചക്ക കൊണ്ടുള്ള പാരമ്പ്യരവിഭവങ്ങൾക്കൊപ്പം നൂതനമായ വിഭവങ്ങളുമായി ഫെസ്റ്റ് ഒരുക്കിയത്.
വിഭവങ്ങളുടെ പ്രദർശനവും മത്സരവുമാണ് ഫെസ്റ്റിലുണ്ടായിരുന്നത്. ചക്കകൊണ്ടുള്ള കേക്ക്, ഉപ്പുമാവ്, പുഡ്ഡിങ്, കട്ലറ്റ്, ചക്കക്കുരു ലഡു, പായസം, ഹൽവ, പുട്ട്, ഇഡ്ഡലി, ബിരിയാണി, ലേഹ്യം തുടങ്ങി 213 വൈവിധ്യമാർന്ന വിഭവങ്ങളാണ് ഫെസ്റ്റിൽ ഒരുക്കിയത്.
കള്ളാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്സൺ ബി. രമ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. സൈമൺ, സ്ഥിരംസമിതി അധ്യക്ഷരായ പി. ഗീത, പി. ശ്രീവിദ്യ, റിസോഴ്സ് പേഴ്സൺ ബി, രജിത, മെമ്പർ സെക്രട്ടറി കെ. രവീന്ദ്രൻ, സാവിത്രി അയ്യപ്പൻ എന്നിവർ സംസാരിച്ചു.
ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, സപ്പോർട്ടിങ് അംഗങ്ങൾ കുടുംബശ്രീ സി.ഡി.എസ്., എ.ഡി.എസ്. പ്രവർത്തകർ, അയൽക്കൂട്ടം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 11-ാം വാർഡ് എ.ഡി.എസ്. ഒന്നാംസ്ഥാനവും എട്ടാംവാർഡ് എ.ഡി.എസ്. രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
No comments