കിഫ്ബിയിൽ കുരുങ്ങുമോ മലയോര ഹൈവേ ?
വെള്ളരിക്കുണ്ട്: മലയോര ഹൈവേ നിർമാണം പൂർത്തിയാക്കാനുള്ള കിഫ്ബിയുടെ പദ്ധതി പെരുവഴിയിലാകുമോ? യു.ഡി.എഫ്. സർക്കാരിന്റെ ആദ്യ ബജറ്റിന് പിന്നാലെ മലനാട്ടുകാർ ഒന്നാകെ ചോദിക്കുന്നതാണിത്. വർഷങ്ങൾ നീണ്ട ചർച്ചകൾക്കും നടപടികൾക്കും വിവാദങ്ങൾക്കുമൊടുവിൽ പുറത്തിറക്കിയ കിഫ്ബിയുടെ ഉത്തരവ് മരവിപ്പിക്കുമോ എന്നതാണ് ആശങ്ക.
മാർച്ചിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ഏതാനും ദിവസം മുമ്പാണ് മലയോര ഹൈവേ നാലാം റീച്ചിൽ വനത്തിലൂടെയുള്ള ഭാഗംവികസിപ്പിക്കാൻ 30.79 കോടി അനുവദിച്ച് കിഫ്ബി ഉത്തരവിറക്കിയത്. മലയോര ഹൈവേ ജനകീയസമിതിയും പ്രമുഖരാഷ്ട്രീയപ്പാർട്ടികളും എം.എൽ.എ.മാരും ഇതിനായി നിരന്തരശ്രമം നടത്തിയിരുന്നു. സമരങ്ങളും നടന്നു. ഏറെ പ്രതീക്ഷയോടെ വന്നത് കൈവിട്ടുപോകുമോ എന്നതാണ് പ്രശ്നം.
കിഫ്ബിയുടെ മുൻകാല പ്രവർത്തനങ്ങൾ സമിതിയെ വെച്ച് വിലയിരുത്തുമെന്നാണ് പുതിയ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. അനുവദിച്ച പദ്ധതികൾക്ക് വിലക്ക് വരുമോ എന്ന് വ്യക്തമല്ല. ഇനിയും കാലതാമസം വരാനിടയാകുന്നത് വൻ വിവാദത്തിന് വഴിവെക്കുമെന്നുറപ്പ്. 2018 നവംബറിലാണ് ജില്ലയിൽ മലയോര ഹൈവേയുടെ നിർമാണം നന്ദാരപ്പടവിൽ തുടങ്ങിയത്. എട്ട് വർഷം
പിന്നിടുമ്പോഴും പൂർണമായും യാത്രായോഗ്യമായില്ലെന്ന് പോരായ്മയുണ്ട്. നാലാം റീച്ച് വനത്തിലൊഴികെയുള്ള ഭാഗം വികസിപ്പിച്ച് വർഷങ്ങൾ കഴിഞ്ഞു.
കാറ്റാംകവല ഇറക്കത്തിൽ നിർമാണത്തിലെ പിഴവ് ആവർത്തിച്ചുള്ള അപകടങ്ങൾക്ക് വഴിവെച്ചു. അപകടവളവിൽ ബസ് മറിഞ്ഞ് യാത്രക്കാർ മരിച്ചത് അധികൃതർക്കെതിരേ വൻ പ്രതിഷേധമുയർത്തിയിരുന്നു. റോഡ് സുരക്ഷിതമല്ലെന്ന് ജില്ലാ ഭരണകൂടം സാക്ഷ്യപ്പെടുത്തുന്ന അവസ്ഥ വന്നു. ഇതോടൊപ്പം വനത്തിലൂടെയുള്ള ദുർഘടാവസ്ഥയും കൂടിയായതോടെ കിഫ്ബിക്കും
കെ.ആർ.എഫ്.ബി.യുമെത്തിരെ ശക്തമായ പ്രതിഷേധമുയർന്നു. വനഭൂമി വിട്ടുകിട്ടുന്നതിലെ തടസ്സമായിരുന്നു വനത്തിലൂടെ നിർമാണത്തിനുള്ള തടസ്സം.
നാലാം റീച്ചിൽ കോളിച്ചാൽമുതൽ കണ്ണൂർ ജില്ലാ അതിർത്തിയായ ചെറുപുഴവരെയുള്ള 30.88 കിമീറ്ററിൽ മൂന്ന് കിലോമീറ്ററിലധികം വനത്തിലൂടെയാണ്. മരുതോത്തും കാറ്റാംകവലയിലും അപകടസാധ്യതയുള്ള ഇറക്കവും കാട്ടരുവികൾ ഒഴുകുന്ന
ഭാഗവുമാണിത്. വനം, പൊതുമരാമത്ത്, റവന്യൂ വകുപ്പുകൾ പലതവണ ചർച്ചചെയ്തു. വർഷങ്ങൾ ഇത് തുടർന്നു. ജനപ്രതിനിധികൾ പലതലത്തിൽ ഇടപെട്ടു. പകരം ഭൂമിവേണ്ടെന്ന വ്യവസ്ഥയിലാണ് ഒടുവിൽ വനഭൂമി വിട്ടുകിട്ടിയത്.
തുക അനുവദിക്കലായി പിന്നീടുള്ള കടമ്പ. ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കി. തുക അധികമെന്ന കാരണത്താൽ ഈ പദ്ധതി ആദ്യം കിഫ്ബി അംഗീകരിച്ചില്ല. ഭേദഗതിവരുത്തി അടങ്കൽ കുറച്ചാണ് 30.79കോടിയുടെ പദ്ധതിക്ക് കിഫ്ബി അനുമതി നൽകിയത്. ഇതാണ് ഇപ്പോൾ വെള്ളത്തിലാകുന്നത്. വിലയിരുത്തലും തുടർനടപടികളുമായി കാലം കഴിയുമെന്ന ആശങ്കയാണ് പൊതുവിൽ. കാറ്റാംകവലവഴി നാല് ബസ് സർവീസുണ്ട്. മരുതോംവഴി തീർത്തും ദർഘടമായതിനാൽ ഒരു സ്വകാര്യബസ് മാത്രം.
No comments