പാണത്തൂർ കല്ലപ്പള്ളിയിൽ വീണ്ടും ഒറ്റയാൻ അക്രമം; ഇന്നലെയും വ്യാപക കൃഷിനാശം
പാണത്തൂർ: കനത്ത മഴ ആരംഭിച്ചതോടെ അതിർത്തി ഗ്രാമമായ പാണത്തൂർ കല്ലപ്പള്ളിയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായി ജനവാസ മേഖലകളിലിറങ്ങുന്ന കാട്ടാന പ്രദേശത്ത് വ്യാപകമായ കൃഷിനാശമാണ് വരുത്തുന്നത്. അരുണുഗുഞ്ച, ആലൂഗുഞ്ച, പെരുമുണ്ട തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും ഒറ്റയാന്റെ ആക്രമണം ഉണ്ടാകുന്നത്.
മിനിഞ്ഞാന്ന് രാത്രി അരുണുഗുഞ്ചയിലെ മോഹനവല്ലിയുടെ കൃഷിയിടത്തിൽ അതിക്രമിച്ചു കയറിയ ഒറ്റയാൻ വ്യാപകമായി വാഴകളും തെങ്ങുകളും കവുങ്ങുകളും പിഴുതെറിഞ്ഞു. ഈ വർഷം മാത്രം മൂന്നിലധികം തവണയാണ് ഇവരുടെ കൃഷിയിടത്തിൽ ആനയിറങ്ങി നാശനഷ്ടം ഉണ്ടാക്കുന്നത്. ഇന്നലെ രാത്രിയിലും ഇതേ പ്രദേശത്തെ ഐ.സി. നന്ദന്റെ തോട്ടത്തിൽ കാട്ടാനയിറങ്ങി. നന്ദന്റെ തോട്ടത്തിലുണ്ടായിരുന്ന നിരവധി തെങ്ങുകളും കുലച്ച വാഴകളും ഒറ്റയാൻ പൂർണ്ണമായും നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെരുമുണ്ടയിലെ നാഗേഷിന്റെ കൃഷിയിടവും ആന തകർത്തിരുന്നു.
സംസ്ഥാന സർക്കാരിന് കീഴിലുള്ള പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുമാവിൻ തോട്ടങ്ങളിൽ പകൽ സമയങ്ങളിൽ പോലും ഈ ഒറ്റയാൻ തമ്പടിക്കുന്നതായി പ്രദേശവാസികൾ വ്യക്തമാക്കുന്നു. വനാതിർത്തിയോട് ചേർന്നു കിടക്കുന്ന ഈ മേഖലയിൽ ഏകദേശം രണ്ട് കിലോമീറ്ററോളം ഭാഗത്ത് നിലവിൽ സോളാർ വേലികളോ മറ്റ് പ്രതിരോധ സംവിധാനങ്ങളോ ഇല്ല. ഇതാണ് ആനയ്ക്ക് ജനവാസ മേഖലയിലേക്ക് എളുപ്പത്തിൽ ഇറങ്ങാൻ വഴിയൊരുക്കുന്നത്. കമ്മാടി മുതൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ നിലവിൽ കരാർ നടപടികളിലേക്ക് കടന്നിട്ടുണ്ടെങ്കിലും പദ്ധതി ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല.
No comments