Breaking News

കൊച്ചിയിൽ ട്രെയിനിൽ നിന്നും വീണു കാലുകൾ നഷ്ടപ്പെട്ട കാസർകോട് സ്വദേശി അർഷാദി (24)ന്റെ ചികിത്സാ ചെലവ് കാസർകോട് എം എൽ എ കല്ലട്ര മാഹിൻ ഹാജി ഏറ്റെടുത്തു


ആലപ്പുഴ: മാറിക്കയറിയ ട്രെയിനിൽ നിന്നു ചാടി ഇറങ്ങുന്നതിനിടയിൽ ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിൽ കുടുങ്ങി കാലുകൾ നഷ്ടപ്പെട്ട കാസർകോട് പെരുമ്പള ലക്ഷം വീട് ഉന്നതിയിൽ അർഷാദി (24)ന്റെ ചികിത്സാ ചെലവ് കാസർകോട് എം എൽ എ കല്ലട്ര മാഹിൻ ഹാജി ഏറ്റെടുത്തു. ചികിത്സ കഴിഞ്ഞു അർഷാദിനെ വീട്ടിലെത്തിക്കുന്നതിനുള്ള ചെലവും അദ്ദേഹം വഹിക്കും. കൊച്ചിയിൽ ഡോക്ടറെ കാണുന്നതിനുവേണ്ടിയാണ് അർഷാദ് കഴിഞ്ഞ ദിവസം കാസർകോടു നിന്നു പുറപ്പെട്ടത്. ഡോക്ടറെ കണ്ടു മരുന്നും വാങ്ങി എറണാകുളം സ്റ്റേഷനിൽ നിന്നു കാസർകോട്ടേക്കു മടങ്ങുന്നതിനു കയറിയ ട്രെയിൻ മാറിപ്പോവുകയായിരുന്നു. തിരുവവന്തപുരത്തേക്കുള്ള ട്രെയിൻ ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത് എത്തിയപ്പോഴാണ് താൻ ട്രെയിൻ മാറിക്കയറിയതാണെന്ന് അർഷാദ് അറിഞ്ഞത്. മാരാരിക്കുളം റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ സ്ലോ ചെയ്തപ്പോൾ അർഷാദ് ട്രെയിനിൽ നിന്നു പ്ലാറ്റ് ഫോമിലേക്കു ചാടുകയായിരുന്നു. എന്നാൽ ലക്ഷ്യം തെറ്റി പ്ലാറ്റ് ഫോമിനും ട്രെയിനിനുമിടക്കു വീണ അർഷാദിന്റെ ഒരു കാൽ വേർപെട്ടു. റെയിൽവെ അധികൃതർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതര നിലയിലായിരുന്ന മറ്റേകാലും മുറിച്ചു മാറ്റേണ്ടിവന്നു. അർഷാദിന്റെ അപകടവിവരം ഇന്നലെ പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ നിന്നു വിവരമറിഞ്ഞ മാഹിൻഹാജി ആലപ്പുഴയിലുള്ള തന്റെ സുഹൃത്തും പ്രവാസി കോൺഗ്രസ് ആലപ്പുഴ ജില്ലാ ട്രഷററുമായ സാദിഖിനെ ആശുപത്രിയിലയച്ചു. ആശുപത്രിയിലെത്തിയ സാദിഖ്, അർഷാദിന്റെ മാതാവിനെ കല്ലട്ര മാഹിൻ ഹാജി വാഗ്ദാനം ചെയ്ത ചിക്തിസാ സഹായവിവരം അറിയിക്കുകയായിരുന്നു. കാസർകോട്ടെ സീതാംഗോളിയിലെ തെരുവോര തോർത്തു കച്ചവടമാണ് അർഷാദിന്റെയും മാതാവിന്റെയും ഏക ഉപജീവനമാർഗം. അർഷാദിനു നേരിയ മാനസികാസ്വാസ്ഥ്യവുമുണ്ട്. മാതാവ് ആമിന ഹൃദ്രോഗത്തിനു ചികിത്സയിലാണ്. അർഷാദിന്റെ കാലുകൾ നഷ്ടപ്പെട്ടതോടെ ഇവരുടെ ഉപജീവനമാർഗം അനിശ്ചിതത്വത്തിലാണ്.

No comments